തൃക്കാക്കര: മൂന്നു ദിവസം ശാരീരികവും മാനസികവുമായേറ്റ പീഡനങ്ങളുടെ നടുക്കത്തിൽ നിന്ന് കാക്കനാട്ടെ ഹോട്ടലിൽ കൂട്ടമാനഭംഗത്തിന് ഇരയായ യുവതി ഇനിയും പുറത്തുകടന്നിട്ടില്ല. മുൻ പരിചയമുള്ളൊരാൾ മയക്കുമരുന്ന് നൽകി കൂട്ടമാനഭംഗത്തിന് തള്ളവിട്ട ഇവർ മാനസിക നില കൈവിട്ട സ്ഥിതിയിലായിരുന്നു. തനിക്ക് ഇവരിൽ നിന്ന് ക്രൂര മർദ്ദനവും ഏൽക്കേണ്ടി വന്നെന്ന് പെൺകുട്ടി കേരളകൗമുദിയോട് പറഞ്ഞു.

ഫോട്ടോ ഷൂട്ടിനായാണ് 28-ാം തിയതി കൊച്ചിയിൽ എത്തിയത്. ചെമ്പുമുക്ക് ഹോട്ടലിലായിരുന്നു താമസം. ഒറ്റയ്ക്കായതിനാൽ താമസിക്കാൻ സുരക്ഷിതമായ ഹോട്ടൽ തേടിയാണ് പരിചയക്കാരനായ സലിംകുമാറിനെ വിളിക്കുന്നത്. തുടർന്ന് 29 ന് കാക്കനാട് ഇടച്ചിറയിലെ ക്രിസ്റ്റീന റസിഡൻസിയിൽ എത്തി. തുടർന്നാണ് നാല് യുവാക്കളിൽ നിന്ന് ക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്നതെന്ന് യുവതി പറഞ്ഞു. സലിംകുമാറാണ് തന്നെ ഏറ്റവുമധികം മർദ്ദിച്ചതെന്നും അവർ പറഞ്ഞു. വെള്ളത്തിൽ മയക്കുമരുന്ന് കലർത്തിനൽകിയായിരുന്നു പീഡനം. ഇവരുടെ വലയിൽ വേറെയും നാലോളം സ്ത്രീകൾ ഉള്ളതായും യുവതി പറഞ്ഞു. തന്റെ പണം തട്ടാനും പ്രതികൾ ശ്രമിച്ചു. സലിംകുമാറിന് പുറമെ അജ്മൽ, ബിബിൻ, ഷമീർ എന്നിവരും തന്നെ ഉപദ്രവിച്ചതായി യുവതി പറഞ്ഞു.
അന്വേഷണം പുരോഗമിക്കുന്നതായി തൃക്കാക്കര അസി. കമ്മിഷണർ പി.വി. ബേബി പറഞ്ഞു.പ്രതികളുടെ മൊബൈൽ ഫോൺ ഓഫാക്കിയിരിക്കുകയാണ്. കേസിൽ പിടിയിലായ ആലപ്പുഴ ആറാട്ടുപുഴ പുത്തൻപറമ്പിൽ വീട്ടിൽ സലിംകുമാറിനെ (31) കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് പറഞ്ഞു. കേസിൽ ഹോട്ടൽ ഉടമ ക്രിസ്റ്റീന ഒളിവിലാണ്. കാക്കനാട് ഇടച്ചിറയിലുളള ക്രിസ്റ്റീന റസിഡൻസിയിൽ വച്ചായിരുന്നു 29കാരിയായ മലപ്പുറം സ്വദേശിനിയെ കൂട്ടമാനഭംഗം ചെയ്തത്.