 ജനുവരിയിൽ 22.44 ഹെക്ടർ സ്ഥലം കൈമാറും

പറവൂർ: ദേശീയപാത 66 നിർമാണത്തിന് ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ പൂർണമായ രേഖകൾ 20നകം കൈമാറണം. രേഖകൾ ഹാജരാക്കാത്തവരുടെ നഷ്ടപരിഹാരതുക നിശ്ചിത അക്കൗണ്ടിൽ പ്രത്യേകം മാറ്റിവച്ച് സ്ഥലം ഏറ്റെടുക്കും. ആകെ ഏറ്റെടുക്കുന്ന 22.44 ഹെക്ടർ സ്ഥലം ജനുവരിയോടെ നാഷണൽ അതോറിറ്റി ഒഫ് ഇന്ത്യയ്ക്ക് കൈമാറും. ഇടപ്പള്ളി നോർത്ത്, ചേരാനല്ലൂർ, വരാപ്പുഴ, ആലങ്ങാട്, കോട്ടുവള്ളി, പറവൂർ, വടക്കേക്കര, മൂത്തകുന്നം വില്ലേജുകളിലായി ഇതുവരെ 208 കോടിരൂപയുടെ നഷ്ടപരിഹാരം പാസാക്കിയതിൽ 196 കോടിരൂപ സ്ഥലംവിട്ട് നൽകുന്നവരുടെ അക്കൗണ്ടുകളിലേക്കു നൽകി.

22.44 ഹെക്ടർ സ്ഥലം ഏറ്റെടുക്കാൻ ആകെ 1114കോടി രൂപയാണ് അനുവദിച്ചത്. ആദ്യം ഗഡുവായി ലഭിച്ച 253 കോടി കൂടാതെ 320 കോടിരൂപ കൂടി നഷ്ടപരിഹാര വിതരണത്തിനായി നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യയിൽനിന്ന് ലഭ്യമായിട്ടുണ്ട്. 999 അസ്സൽ പ്രമാണങ്ങളാണ് ഇതുവരെ ലഭിച്ചത്. പൂർണവും കൃത്യവുമായ രേഖകൾ നൽകുന്നവർക്ക് എത്രയുംവേഗം നഷ്ടപരിഹാരത്തുക കൈമാറുമെന്നും സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ കെ.പി. ജയകുമാർ പറഞ്ഞു.

മൂത്തകുന്നത്ത് നിന്ന് ഇടപ്പള്ളിവരെ 23.82 കിലോമീറ്ററിൽ 38.2519 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പറവൂർ, കണയന്നൂർ താലൂക്കുകളിലെ മൂത്തകുന്നം, വടക്കേക്കര, പറവൂർ, വരാപ്പുഴ, ആലങ്ങാട്, കോട്ടുവള്ളി, ഇടപ്പള്ളി, ചേരാനല്ലൂർ എന്നീ എട്ട് വില്ലേജുകളിൽപ്പെട്ട പ്രദേശങ്ങളാണിത്. ദേശീയപാതയ്ക്കായി മുമ്പ് ഏറ്റെടുത്ത 30 മീറ്റർ സ്ഥലത്തിന്റെ ഇരുവശങ്ങളിലുമായി ഏഴരമീറ്റർവീതം വീതിയിലാണ് കൂടുതലായി ഏറ്റെടുക്കുന്നത്.

ദേശീയപാത 17യാണ് ഇപ്പോൾ ദേശീയപാത 66 മാറ്റിയത്. ആദ്യം 30 മീറ്ററിൽ റോഡ് നിർമ്മിക്കാനായിരുന്നു തീരുമാനം. ഇതിന് മൂന്ന് പതിറ്റാണ്ട് മുമ്പ് സ്ഥലം ഏറ്റെടുത്തു. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങളൊന്നും നടന്നില്ല. 45 മീറ്ററിൽ സ്ഥലം ഏറ്റെടുത്താലേ റോഡ് നിർമിക്കാനാകൂ എന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് 15 മീറ്റർ കൂടി ഏറ്റെടുക്കാൻ തീരുമാനിച്ചത്. സ്ഥലം ഏറ്റെടുക്കാനായി 2018 മേയ് 23ന് നന്ത്യാട്ടുകുന്നം അത്താണിയിൽ ലാൻഡ് അക്വസിഷൻ സ്പെഷൽ ഡെപ്യൂട്ടി കളക്ടറുടെ പ്രത്യേകഓഫീസ് തുറന്നു.