road
മണ്ണൂർ പോഞ്ഞാശേരി റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നടന്ന കരിങ്കൊടി പ്രകടനം

കോലഞ്ചേരി: മണ്ണൂർ പോഞ്ഞാശേരി റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് റോഡ് സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ റോഡിന് അന്ത്യകൂദാശ നൽകി റീത്ത് വച്ച് പ്രതിഷേധം. കരിങ്കൊടി പ്രകടനവും നടത്തി. റോഡ് നിർമാണത്തിൽ വീഴ്ചവരുത്തിയവർക്കെതിരേ കോടതിയെ സമീപിക്കാനാണ് സമിതിയുടെ തീരുമാനം.

മൂന്ന് കൊല്ലത്തിലധികമായി പുനരുദ്ധാരണത്തിന്റെ പേരിൽ റോഡ് പലയിടങ്ങളിൽ താഴ്ത്തിയും ഇളക്കിയുമിട്ടിരിക്കുകയാണ്. 18 കി.മീ നീളമുള്ള റോഡിന്റെ മണ്ണൂർമുതൽ വളയൻചിറങ്ങര വരെയുള്ള ഭാഗമാണ് കൂടുതൽ തകർച്ചയിലായത്. മണ്ണൂർ ജംഗ്ഷനിലെ സ്‌കൂളുകളുടെ മുന്നിൽപ്പോലും നടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. മാസങ്ങൾക്കു മുമ്പ് പൊതുമരാമത്ത് വകുപ്പുമന്ത്രി റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ പരിശോധിക്കാനെത്തിയെങ്കിലും തുടർനടപടിയൊന്നുമുണ്ടായില്ല. പഞ്ചായത്ത് അംഗം കെ.കെ. ജയേഷ്, ജോബ് ഇലവുംപറമ്പിൽ, ബോസ് കുന്നത്തോളിൽ, ബെന്നി വാളംകോട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.

 നിർമ്മാണം തുടങ്ങിയിട്ട് മൂന്നുവർഷം

2018 ജനുവരിയിലാണ് റോഡ് നിർമാണം തുടങ്ങിയത്. കുന്നത്തുനാട്, പെരുമ്പാവൂർ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണ് റോഡ്. മണ്ണൂർ മുതൽ ഐരാപുരം വരെയാണ് കുന്നത്തുനാട്. തുടർന്ന് പെരുമ്പാവൂർ മണ്ഡലമാണ്. റോഡിന്റെ വെള്ളക്കെട്ടുള്ള മണ്ണൂർഭാഗങ്ങളിൽ പാടശേഖരങ്ങളിലേയ്ക്ക് ഇടിഞ്ഞ റോഡ് കരിങ്കല്ലുകെട്ടി ഉയർത്തി റോഡിന് ഇരുവശങ്ങളിലും കാനകളും കലുങ്കുകളും നിർമ്മിക്കുന്നുണ്ട്. ആധുനിക നിലവാരത്തിൽ ലൈനുകളും റിഫ്ളക്ടറുകളും ദിശാ, സ്ഥലനാമ ബോർഡുകളുമടക്കം സ്ഥാപിക്കാനുമായിരുന്നു പദ്ധതി. എന്നാൽ പലയിടങ്ങളിലും വെട്ടിപ്പൊളിച്ച റോഡ് കാൽനടയാത്രപോലും ദുഷ്കരമാക്കുകയാണ്. മണ്ണൂർ ഭാഗത്ത് റോഡ് താഴ്ത്തിയതോടെ മഴപെയ്താൽ ചെളിനിറയുന്ന അവസ്ഥയാണ്. ലോക്ഡൗണിനുശേഷം സ്കൂൾ തുറന്നതോടെ ഈ വഴിയുള്ള മണ്ണൂർ, വളയൻചിറങ്ങര, ഐരാപുരം ശ്രീശങ്കര കോളേജുകളിലേക്ക് എത്തുന്ന വിദ്യാർത്ഥികളടക്കം പ്രതിസന്ധിയിലാണ്. റോഡിന്റെ ദുരിതാവസ്ഥയെത്തുടർന്ന് ബസുകൾ പലതും വഴിമാറിയാണ് ഓടുന്നത്. ഇതാണ് വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കിയത്.എം.സി റോഡിൽ നിന്ന് ആലുവ, തൃപ്പൂണിത്തുറ, കാക്കനാട് ഭാഗത്തേയ്ക്ക് പോകേണ്ട യാത്രക്കാർക്ക് പെരുമ്പാവൂരിലെ നഗരത്തിരക്കുകൾ ഒഴിവാക്കി പോഞ്ഞാശേരി വഴി എളുപ്പത്തിലെത്താവുന്ന ഏക മാർഗമാണിത്.

 നിർമാണ കാലാവധിയായി നിശ്ചയിച്ചത് 14 മാസം

റോഡിനായി സംസ്ഥാന സർക്കാർ 10 കോടി രൂപയാണ് ആദ്യം അനുവദിച്ചത്. സർവേ നടപടികൾ പൂർത്തീകരിച്ചു വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞപ്പോൾ 23.74 കോടി രൂപയായി പദ്ധതിച്ചെലവ് ഉയർന്നു. തുടർന്ന് ഈ പദ്ധതിക്ക് കിഫ്ബി അംഗീകാരം നൽകുകയും ടെൻഡർ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് 2019 ജനുവരി അഞ്ചിന് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ നിർമാണണോദ്ഘാടനം നിർവഹിക്കുകയും ചെയ്തു. 14 മാസമായിരുന്നു നിർമാണ കാലാവധി.

വെങ്ങോല മുതൽ പോഞ്ഞാശേരി വരെയുള്ള 3.50 കിലോമീ​റ്റർ ദൂരം ആദ്യഘട്ട ടാറിംഗ് പൂർത്തികരിച്ചു. വെങ്ങോല മുതൽ മണ്ണൂർവരെയുള്ള 8 കിലോമീ​റ്റർ ദൂരമാണ് പദ്ധതി ഇഴഞ്ഞുനീങ്ങുന്നത്.