കിഴക്കമ്പലം: ഊരക്കാട് ഗവ. യു.പി സ്കൂളിലെ പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിന് എത്തിയ അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യാപകന്റെ റോളിലും തിളങ്ങി. ഉദ്ഘാടന സമയത്തിന് മുന്നേ സ്കൂളിലെത്തിയ എം.എൽ.എ ക്ളാസുകളിലെത്തി കുട്ടികളെ കാണാനും സംവദിക്കാനും പ്രഥമാദ്ധ്യാപകനോട് അനുവാദം വാങ്ങി. തുടർന്ന് ഒന്നിലും രണ്ടിലുമെത്തി അൽപനേരം ഗണിതാദ്ധ്യാപകനാവുകയായിരുന്നു എൽ.എൽ.ബിയിൽ മാസ്റ്റർ ബിരുദധാരികൂടിയായ എം.എൽ.എ. ക്ളാസിലെ ബോർഡിൽ ഒന്നുമുതൽ പത്തുവരെ എഴുതിയതിൽ 9 എന്ന അക്കം മനപ്പൂർവം വിട്ടെഴുതിയാണ് ക്ളാസ് തുടങ്ങിയത്. തെറ്റ് പറ്റിയെന്ന് കുട്ടികൾ ഉടൻ ചൂണ്ടിക്കാണിച്ചതോടെ ഗുണപാഠകഥ പറഞ്ഞാണ് ക്ളാസ് അവസാനിപ്പിച്ചത്. തെറ്റ് ചൂണ്ടിക്കാണിക്കാനുള്ള ആർജവം ആർക്കുമുന്നിലും അടിയറവയ്ക്കരുതെന്ന സന്ദേശം കുട്ടികളിലേക്ക് എത്തിക്കുകയായിരുന്നു എം.എൽ.എ. ക്ളാസിലെത്തിയ പുതിയ അദ്ധ്യാപകനെ അമ്പരപ്പോടെയാണ് വരവേറ്റതെങ്കിലും പാട്ടും കഥകളുമായി കുട്ടികളെ കൈയിലെടുത്ത് മനംകവർന്നാണ് എം.എൽഎ മടങ്ങിയത്. സ്കൂൾ മന്ദിരത്തിന്റെ ശിലാസ്ഥാപനം എം.എൽ.എ നിർവഹിച്ചു. വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി അദ്ധ്യക്ഷനായി.
കിഴക്കമ്പലം പഞ്ചായത്ത് മുൻപ്രസിഡന്റ് എം.കെ. അനിൽകുമാർ, മലയിടംതുരുത്ത് സഹകരണബാങ്ക് പ്രസിഡന്റ് ടി.ടി. വിജയൻ, കെ.കെ. ഏലിയാസ്, പി.വി. മോളി, എ.ഇ.ഒ സജിത്കുമാർ, ബി.പി.സി ഡാൽമിയ തങ്കപ്പൻ, എം.കെ. സുരേന്ദ്രൻ, റസിയമുഹമ്മദ്, ഷീന സന്തോഷ്, കെ.ടി. ഷിബു തുടങ്ങിയവർ സംസാരിച്ചു.