അങ്കമാലി: അയിരൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച ഗാന്ധിപ്രതിമയുടെ അനാച്ഛാദനവും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനവും ഇന്ന് രാവിലെ 10.30 ന് മന്ത്രി പി. രാജീവ് നിർവഹിക്കും. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർത്ഥികൾക്ക് മന്ത്രി പുരസ്കാരങ്ങൾ സമ്മാനിക്കും. റോജി എം.ജോൺ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കോർപ്പറേറ്റ് മാനേജർ റവ. ഡോ. പോൾ ചിറ്റിനപ്പിള്ളി അദ്ധ്യക്ഷനാകും. ഹെഡ്മാസ്റ്റർ ഷാജി എം.ഡി, ആലുവ വിദ്യാഭ്യാസ ഓഫീസർ സി.സി. കൃഷ്ണകുമാർ, മാനേജർ ഫാ. പോൾ ആത്തപ്പിള്ളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സക്കറിയ മാത്യു, പാറക്കടവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, പാറക്കടവ് ബ്ളോക്ക് പഞ്ചായത്ത് മെമ്പർ സി.എം. വർഗീസ്, കുന്നുകര ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സിജി വർഗീസ്, കവിത ബാബു, മിനി പോളി, പി.ടി. എ പ്രസിഡന്റ് തങ്കച്ചൻ ടി. ആർ , പ്രിൻസിപ്പൽ മേഴ്സി തോമസ് തുടങ്ങിയവർ സംസാരിക്കും.

 ചിത്രകലാദ്ധ്യാപകന് ആദരം

ലോക് ഡൗൺ കാലത്താണ് സ്കൂളിലെ ചിത്രകലാദ്ധ്യാപകനായ സുഗതൻ പനങ്ങാട് ഗാന്ധിജിയുടെ അർദ്ധകായ പ്രതിമയുടെ നിർമ്മിതിയിലേക്ക് കടന്നത്. ഗാന്ധിയൻ ആദർശങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്‌ടിക്കുകയായിരുന്നു ഉദ്ദേശ്യം. പ്രമുഖശില്പി ശിവദാസ് എടയ്ക്കാട്ടുവയലിന്റെ മേൽനോട്ടത്തിലായിരുന്നു ശില്പനിർമ്മാണം. മൂന്നുമാസംകൊണ്ട് പൂർത്തീകരിച്ചു. 28 വർഷത്തെ അദ്ധ്യാപകജീവിതത്തിൽനിന്ന് വിരമിക്കുന്ന സുഗതൻ പനങ്ങാടിനെ മന്ത്രി പി. രാജീവ് ചടങ്ങിൽ ആദരിക്കും.