പറവൂർ: പറവൂർ ഗവ. ബോയ്സ് ഹൈസ്കൂളിന്റെ ശതോത്തര സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ വെബ്സൈറ്റ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി അദ്ധ്യക്ഷത വഹിച്ചു. അലുമ്നി പ്രസിഡന്റ് എൻ.എം. പിയേഴ്സൺ, കെ.ജെ. ഷൈൻ, രമേശ് ഡി. കുറുപ്പ്, പി.ടി.എ പ്രസിഡന്റ് കെ.കെ. വിക്രമൻ, ഹെഡ്മിസ്ട്രസ് എ.എസ്. സിനി, പ്രിൻസിപ്പൽ കെ.ആർ. ഗിരിജ തുടങ്ങിയവർ പങ്കെടുത്തു.
1872ൽ സ്ഥാപിതമായ സ്കൂളിന്റെ സമഗ്രമായ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് വെബ്സൈറ്റ്. സ്കൂളിലെ പ്രവർത്തനങ്ങൾ, വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും വിവരങ്ങൾ, ഭൗതിക സൗകര്യങ്ങൾ, അക്കാഡമിക് മികവുകൾ സൈറ്റിലുണ്ട്. വിദ്യാർത്ഥികളുടെ പഠനത്തിനാവശ്യമായ പ്രധാന സൈറ്റുകളുടെ ലിങ്കുകളും സ്കൂളിലെ അദ്ധ്യാപകർ തന്നെ തയ്യാറാക്കിയ പഠനപ്രവർത്തനങ്ങളുടെ വീഡിയോ ഓഡിയോ ഫയലുകളും സ്കൂളിന്റെ 150 വർഷത്തെ ചരിത്രവും പൂർവ്വവിദ്യാർത്ഥികളുടെ ഫോൺ നമ്പറുകളും സൈറ്റിൽ ലഭിക്കും.