മൂവാറ്റുപുഴ: കലൂർ പേരാമംഗലം നാഗരാജ ക്ഷേത്രട്രസ്റ്റിന്റെ കീഴിലുള്ള സനാതനധർമ്മ ക്ഷേത്രസമുച്ചയത്തിലെ പ്രതിഷ്ഠാകർമ്മം ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 10.30ന് ട്രസ്റ്റ് പ്രസിഡന്റ് കെ.വി. സുഭാഷ് തന്ത്രി ഭദ്രദീപം തെളിച്ച് ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. ഗണപതിയുടെ അഷ്ടാവതാരങ്ങൾ, ശാസ്താവ്, മഹാവിഷ്ണു, ഭദ്രകാളി തുടങ്ങി 27 ശ്രീകോവിലുകളിലാണ് ഒരേസമയം പ്രതിഷ്ഠ നടക്കുന്നത്. സംസ്ഥാനത്ത് ഇത്തരമൊരു ക്ഷേത്രസമുച്ചയം ഇതാദ്യമാണ്. എല്ലാ ദേവതാസങ്കല്പങ്ങളും ഒരുസ്ഥലത്തുണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
എറണാകുളം ഇടുക്കി ജില്ലകളുടെ അതിർത്തിപ്രദേശമായ കലൂർ പേരാമംഗലത്ത് പ്രകൃതിമനോഹരമായ കുന്നിന്റെ നെറുകയിലാണ് സനാതനധർമ്മ ക്ഷേത്രസമുച്ചയം പൂർത്തിയാക്കിയിരിക്കുന്നത്. ജാതിമത ഭേദമെന്യേ വിശ്വാസികളായ ആർക്കും ഇവിടെ ആരാധനാസ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്ന് ട്രസ്റ്റി സുഭാഷ് തന്ത്രി പറഞ്ഞു. സ്ത്രീകൾ ഉൾപ്പെടെ താത്പര്യമുള്ള ഏവർക്കും പൂജാവിധികളും താന്ത്രിക മാന്ത്രികകർമ്മങ്ങളും ജ്യോതിഷം, വാസ്തുവിദ്യ എന്നിവയും പരിശീലിപ്പിക്കുന്ന കേന്ദ്രംകൂടിയാണ് നാഗരാജ ക്ഷേത്രട്രസ്റ്റ്. ഇവിടെ നിന്ന് പരിശീലനം നേടിയ യുവതികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗണപതിഹോമം, ഭഗവതിസേവ തുടങ്ങിയ പൂജകൾ നടത്തുന്നുണ്ട്.