കൊച്ചി: നഗരത്തിലെ വഴിയോരങ്ങളിലെ ലൈസൻസില്ലാത്ത കച്ചവടക്കാരെ കണ്ടെത്താൻ ജാഗ്രതാ സമിതികൾ രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഡിവിഷൻ കൗൺസിലർ, സ്റ്റേഷൻ ഹൗസ് ഓഫീസർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധി, വാണിജ്യ മേഖലാ പ്രതിനിധി എന്നിവർ സമിതിയിൽ അംഗങ്ങളാകണമെന്ന് ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ ഉത്തരവിട്ടു. കൊച്ചി കോർപ്പറേഷനിലെ മുഴുവൻ ഡിവിഷനിലും സമിതികൾ രൂപീകരിച്ച് ഈമാസം 15നകം റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു. അനധികൃത വഴിയോര കച്ചവടങ്ങളുമായി ബന്ധപ്പെട്ട കേസിൽ അമിക്കസ്‌ക്യൂറിയുടെ റിപ്പോർട്ട് പരിഗണിച്ച് കൂടുതൽ നിർദ്ദേശങ്ങൾ നൽകും. നിയമലംഘനം കണ്ടാൽ കോർപ്പറേഷൻ തുടർനടപടികളെടുക്കണം.

ടൗൺ വെൻഡിംഗ് കമ്മിറ്റി നൽകുന്ന സർട്ടിഫിക്കറ്റും ലൈസൻസുമില്ലാതെ കൊച്ചിയിൽ വഴിയോര കച്ചവടം നടത്താനാകില്ല. ആദ്യഘട്ടത്തിൽ 2,652ൽ 1,274 പേർക്കാണ് കോർപ്പറേഷൻ പരിധിയിൽ സർട്ടിഫിക്കറ്റ് നൽകിയത്. ലൈസൻസിസ് അർഹതില്ലാത്തവരുടെ പട്ടികയും പ്രസിദ്ധീകരിക്കും. ഡിസംബർ 15 മുതൽ അനധികൃത വഴിയോര കച്ചവടങ്ങൾ ഒഴിപ്പിക്കുമെന്ന് കോർപ്പറേഷൻ കോടതിയെ അറിയിച്ചു.