കൊച്ചി: കേരളത്തിന്റെ വികസനം മുൻനിറുത്തിയുള്ള പദ്ധതിയാണ് കെ-റെയിലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യു.ഡി.എഫ് ഇതിനെ എതിർക്കുന്നത് ശരിയായ നിലപാടല്ലെന്നും അവരുടെ ഭരണകാലത്ത് ഹൈസ്പീഡ് റെയിൽവേ പദ്ധതി മുന്നോട്ട് വച്ചപ്പോൾ ഇടതുപക്ഷം പിന്തുണച്ചത് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
നവകേരള സൃഷ്ടിക്കാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. അത് യാഥാർത്ഥ്യമാകുമെന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. ഇടതു ഭരണത്തിൻ കീഴിലെ വികസന പ്രവർത്തനങ്ങളാണ് ജനങ്ങളുടെ വിശ്വാസത്തിന് കാരണം. നാലുവരിപ്പാത, മലയോര പാത, തീരദേശ പാത, ദേശീയ ജലപാത എന്നിവയൊക്കെ നടപ്പാക്കാനുള്ള ശ്രമങ്ങൾ നവകേരള സൃഷ്ടിയുടെ ഭാഗമാണ്. വികസനപ്രവർത്തനങ്ങളെയെല്ലാം തുറന്നെതിർക്കുന്ന സമീപനമാണ് ചിലർക്ക്. കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകർക്കാനും വലതുപക്ഷത്തേക്ക് തിരിക്കാനും ശ്രമം നടക്കുന്നുണ്ടെന്നും കോടിയേരി ആരോപിച്ചു.

വ്യവസായമന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, കെ. ചന്ദ്രൻപിള്ള, എം. സ്വരാജ്, എസ്. ശർമ്മ, സി.എൻ. മോഹനൻ, സി.എം. ദിനേശ് മണി, എം.സി. ജോസഫൈൻ തുടങ്ങിയവർ സംബന്ധിച്ചു.