കൊച്ചി: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് കഴിഞ്ഞ ഏപ്രിലിൽ കൊച്ചി സന്ദർശിച്ചിരുന്നു. കൊച്ചി കപ്പൽശാലയിൽ വിമാന വാഹിനി ഐ.എൻ.എസ് വിക്രാന്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തലായിരുന്നു പ്രധാന ദൗത്യം. ചുമതലയേറ്റ ശേഷമുള്ള ആദ്യ കൊച്ചി സന്ദർശനത്തിൽ ദക്ഷിണ നാവികസേനാ ആസ്ഥാനത്തും വിവിധ പരിപാടികളിൽ പങ്കെടുത്തു.
ഏപ്രിൽ മൂന്നിന് എത്തിയ ദിവസം തന്നെ അദ്ദേഹവും ഭാര്യയും ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിന് പോയി. ആദ്യമെത്തിയത് പുന്നത്തൂർ കോട്ടയിലെ ആനത്താവളത്തിലാണ്. ഒരു മണിക്കൂറോളം അവിടെ ചെലവിട്ടു, ആനകൾക്ക് ഭക്ഷണവും നൽകി. രാത്രി ശ്രീവത്സം ഗസ്റ്റ് ഹൗസിൽ താമസിച്ച് പിറ്റേന്ന് നിർമ്മാല്യം തൊഴുത ശേഷമാണ് കപ്പൽശാലയിലെത്തിയത്.
കൊച്ചിയിൽ നിന്ന് കേരള പൊലീസിന്റെ പൈലറ്റ് വാഹനമാണ് ജനറലിന്റെ വാഹന വ്യൂഹത്തെ ഗുരുവായൂരിലേക്ക് നയിച്ചത്. അഞ്ചാം തീയതി രാവിലെ ഡൽഹിയിലേക്ക് മടങ്ങും മുമ്പ് പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന പൊലീസുകാരെ കഠാരിബാഗിലെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി മധുരപലഹാരങ്ങൾ നൽകി നന്ദി പറഞ്ഞു. സ്നേഹത്തോടെയാണ് അദ്ദേഹം പൊലീസുകാരോടുൾപ്പെടെ പെരുമാറിയതെന്ന് പൈലറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ സി.ആർ. ജിജേഷ് പറഞ്ഞു. ഗസ്റ്റ് ഹൗസിൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നടന്നാണ് പോയത്. നാവികസേനയുടെ ഉൾപ്പെടെ കർശന സുരക്ഷാ സന്നാഹങ്ങൾക്കിടയിലും തികച്ചും സാധാരണക്കാരനെപ്പോലെയാണ് അദ്ദേഹം എല്ലാവരുമായും ഇടപെട്ടതെന്ന് ജിജേഷ് പറഞ്ഞു.