ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിലെ തിരുവാലൂർ കുണ്ടേലി താലപ്പറമ്പ് റോഡിന്റെ ശോചനീയാവസ്ഥ പ്രദേശവാസികൾക്ക് ദുരിതമാകുന്നു. ടാറിംഗ് പൊളിഞ്ഞും വെള്ളംകെട്ടിയും വഴിനടക്കാനാകാത്ത വിധം റോഡ് തകർന്ന് തരിപ്പണമായിരിക്കുകയാണ്. കാനയില്ലാത്തതിനാൽ മഴപെയ്താൽ വെള്ളക്കെട്ടും രൂക്ഷമാണ്. കാനനിർമിക്കാൻ പഞ്ചായത്ത് പദ്ധതി കൊണ്ടുവന്നെങ്കിലും തർക്കം ഉയർത്തിയതോടെ പാതിവഴിയിൽ മുടങ്ങി. എന്നാൽ കൃഷിഭവൻ, വായനശാല ഭാഗങ്ങളിലെ കാനനിർമ്മാണം പൂർത്തിയായിരുന്നു. കാന വന്നാൽ റോഡിന്റെ വീതി കുറയുമെന്ന വാദമാണ് പദ്ധതിക്ക് തടസമായി നിൽക്കുന്നത്. നൂറോളം കുടുംബങ്ങൾ റോഡിന്റെ ഈ അവസ്ഥമൂലം കടുത്ത യാത്രാദുരിതത്തിലാണ്. പഞ്ചായത്ത് അധികൃതർ മുൻകൈയെടുത്ത് വേഗം പരിഹാരം കാണണമെന്നാണ് ആവശ്യം.