അങ്കമാലി: അനശ്വര നടൻ നെടുമുടി വേണുവിന്റെ സ്മരണാർത്ഥം നായത്തോട് നവയുഗ കലാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവത്തിന്റെ ലോഗോ പ്രകാശിപ്പിച്ചു. സംവിധായകൻ അഷ്റഫ് ഹംസ പ്രകാശനം ചെയ്തു. ഷാജിയോഹന്നാൻ, നവയുഗ കലാസമിതി പ്രസിഡന്റ് രതീഷ്.കെ. മാണിക്യമംഗലം, രോഹിത് രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. എൻ.എസ്. സുരേന്ദ്രനാണ് ലോഗോ തയ്യാറാക്കിയത്. 16 മുതൽ 22വരെ നായത്തോട് സ്കൂൾ ജംഗ്ഷനിലാണ് സിനിമാപ്രദർശനം. ചിത്രശാല ഫിലിം സൊസൈറ്റി, പുരോഗമന കലാസാഹിത്യ സംഘം, കെ.ആർ. കുമാരൻ മാസ്റ്റർ സ്മാരക നവയുഗ കലാസമിതി എന്നിവയുടെ സഹകരണത്തോടെയാണ് ചലച്ചിത്രോത്സവം.