വൈപ്പിൻ: ഫോക്‌ലോർ ഫെസ്റ്റിന്റെ പത്താംദിനമായ നാളെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിക്കും. ഞാറക്കൽ മാഞ്ഞൂരാൻ ഹാളിൽ വൈകിട്ട് നാലിന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. വൈപ്പിൻ ഫോക്‌ലോർ ഫെസ്റ്റ് ചെയർമാൻ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.

എം.എൽ.എമാരായ കെ.ജെ. മാക്‌സി, ടി.ജെ. വിനോദ്, പി. വി. ശ്രീനിജിൻ എന്നിവർ മുഖ്യാതിഥികളാകും. ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് മിനി രാജു, സാമൂഹ്യ പ്രവർത്തകൻ ജോസി പി. തോമസ്, കിൻഫ്ര എക്‌സ്‌പോർട്ട് ഇൻഡസ്ട്രിയൽ പാർക്ക് ചെയർമാൻ സാബു ജോർജ്, കുടുംബശ്രീ ജില്ലാ കോഓർഡിനേറ്റർ എസ്. രഞ്ജിനി, ഞാറക്കൽ സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോസഫ് കരുമത്തി, വൈപ്പിൻ പ്രസ് ക്ലബ് പ്രസിഡന്റ് അനിൽ പ്ലാവിൻസ്, ലൈബ്രറി കൗൺസിൽ സംസ്ഥാന എകസിക്യുട്ടീവ് അംഗം അഡ്വ. ലിറ്റീഷ്യ ഫ്രാൻസിസ്, ഞാറക്കൽ റെസിഡന്റ്‌സ് അപ്പെക്‌സ് കൗൺസിൽ പ്രസിഡന്റ് ജോയ് മുളയരിക്കൽ എന്നിവർ പ്രസംഗിക്കും. ജനറൽ കൺവീനർ എ.പി. പ്രനിൽ സ്വാഗതവും സബ്കമ്മിറ്റി കൺവീനർ കെ.വി. നിജിൽ നന്ദിയും പറയും.
സമ്മേളനത്തിന് മുന്നോടിയായി ഉച്ചയ്ക്ക് രണ്ടുമുതൽ കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറും. നാടൻപാട്ട്, ഒപ്പന, സംഘനൃത്തം, നാടോടിനൃത്തം, ലളിതഗാനം, മോഹിനിയാട്ടം, ഭരതനാട്യം, സിനിമാറ്റിക് ഡാൻസ് എന്നിവയാണ് അരങ്ങ് കൊഴുപ്പിക്കുക. സമ്മേളനത്തിനുശേഷം വൈകിട്ട് 5.30ന് നവനീത് കൃഷ്ണയുടെ ഗിറ്റാർ വാദനം നടക്കും.