കൊച്ചി: നാലു ദിവസം മുമ്പ് ഒത്തുകൂടുകയും സംസാരിക്കുകയും ചെയ്ത ദീർഘകാല സുഹൃത്ത് കൂടിയായ ബിപിൻ റാവത്തിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് നാവികസേന വൈസ് ചീഫായി വിരമിച്ച അഡ്മിറൽ അശോക് കുമാർ. സംയുക്ത സേനാമേധാവി എന്നതിലുപരി കുടുംബസുഹൃത്ത് എന്ന നിലയിൽ അടുത്ത സൗഹൃദമായിരുന്നു ഇരുവരും തമ്മിൽ.
"ഡൽഹിയിലെ നേവി ഹൗസിൽ കഴിഞ്ഞ നാലിന് നടന്ന നാവികദിന ചടങ്ങിലാണ് ഞങ്ങൾ ഒടുവിൽ കണ്ടത്. ദീർഘനേരം സംസാരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെയും ഭാര്യയുടെയും ദാരുണാന്ത്യം വല്ലാതെ ഞെട്ടിച്ചു," ഡൽഹിയിൽ നിന്ന് അഡ്മിറൽ അശോക് കുമാർ 'കേരളകൗമുദി"യോട് പറഞ്ഞു.
"അദ്ദേഹത്തിന്റെ വേർപാട് വലിയ സങ്കടമാണ്. റാവത്തുമായും ഭാര്യ മധുലിക റാവത്തുമായും എന്റെ കുടുംബത്തിന് വലിയ അടുപ്പമായിരുന്നു. സാധാരണക്കാരുമായി വരെ അടുപ്പം സൂക്ഷിക്കുന്നത് റാവത്തിന്റെ ഭാര്യയുടെ സവിശേഷതയും മികവുമാണ്. അകാലത്തിലുള്ള അവരുടെ വേർപാടിനെ വിധി എന്നല്ലാതെ എന്തു വിളിക്കാൻ."
എന്തും സാധിക്കാനുള്ള കരുത്തും മനോഭാവവും ദൃഢനിശ്ചയവും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. ഒരു കാര്യം തീരുമാനിച്ചാൽ പിന്മാറുന്ന പ്രശ്നമില്ല. ഏത് ദൗത്യം ഏറ്റെടുത്താലും പൂർത്തിയാക്കാതെ പിന്മാറില്ല.
റാവത്ത് സംയുക്ത സേനാമേധാവിയായി നിയമിതനായപ്പോൾ നാവികസേനയുടെ വൈസ് ചീഫായിരുന്നു അശോക് കുമാർ. സേനയുമായി ബന്ധപ്പെട്ട യോഗങ്ങളിൽ പതിവായി കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. റാവത്തിന്റെ ഭാര്യ മധുലികയും അശോക്‌കുമാറിന്റെ ഭാര്യ ഗീതയും അടുത്ത സുഹൃത്തുക്കളായിരുന്നു. മകളുടെ വിവാഹത്തിൽ റാവത്തും ഭാര്യയും പങ്കെടുത്തിരുന്നു.
പൂനെയിലെ നാഷണൽ ഡിഫൻസ് അക്കാഡമിയിൽ 2015 ൽ കമൻഡാന്റായി പ്രവർത്തിക്കുന്ന കാലം മുതലാണ് റാവത്തുമായുള്ള സൗഹൃദം ആരംഭിച്ചത്. അക്കാലത്ത് റാവത്ത് ലഫ്റ്റനന്റ് ജനറലായി പൂനെയിലെ ആർമി കമൻഡാന്റ് ആസ്ഥാനത്തുണ്ട്. അവിടെ നിന്ന് റാവത്ത് ആർമി വൈസ് ചീഫായി ഡൽഹിയിലെത്തി. പിന്നീട് ആർമി മേധാവിയായി. അശോക് കുമാർ നാവികസേനയുടെ ഡെപ്യൂട്ടി മേധാവിയായും ഡൽഹിയിലെത്തി.
മലപ്പുറം പൊന്നാനി സ്വദേശിയാണ് അഡ്മിറൽ അശോക്‌കുമാർ. ഭാര്യ ഗീത ഷൊർണൂർ സ്വദേശിയും. ഏതാനും മാസം മുമ്പ് വിരമിച്ച അദ്ദേഹം ഡൽഹിയിലെ ലോധി എസ്റ്റേറ്റിലാണ് താമസം.