മൂവാറ്റുപുഴ: പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം മൂവാറ്റുപുഴ പെരുമറ്റം മറ്റപ്പിള്ളി എം.കെ. അഷറഫിന്റെ വീട്ടിൽ ഡൽഹിയിൽ നിന്നുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘം റെയ്ഡ് നടത്തി. ഇവരെ തടയാൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ശ്രമിച്ചത് സംഘർഷം സൃഷ്ടിച്ചു.
ഇന്നലെ രാവിലെ ഏഴിനാണ് ഇ.ഡി സംഘം പെരുമറ്റം പാലത്തിന് സമീപത്തെ അഷറഫിന്റെ വീട്ടിലെത്തിയത്. ഉച്ചയ്ക്ക് 12 വരെ റെയ്ഡ് തുടർന്നു. വീട്ടിൽ നിന്ന് ചില രേഖകൾ പിടിച്ചെടുത്തു. പോപ്പുലർ ഫ്രണ്ടിന് ലഭിക്കുന്ന വരുമാനം സംബന്ധിച്ച് ഡൽഹി കേന്ദ്രമായി ഇ.ഡി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമാണ് റെയ്ഡെന്നാണ് ലഭ്യമായ വിവരം. സി.ആർ.പി.എഫ് സേനാംഗങ്ങളുടെയും പൊലീസിന്റെയും സംരക്ഷണത്തിലാണ് ഇവർ റെയ്ഡിനെത്തിയത്. അഷറഫിന്റെ ഭാര്യയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
റെയ്ഡ് വിവരമറിഞ്ഞ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സ്ഥലത്തെത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. അഷറഫിന്റെ ബന്ധുക്കൾ വീടിനകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ ഉദ്യോഗസ്ഥർ തടഞ്ഞതിനെ ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമായത്. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. റെയ്ഡിന് ശേഷം പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് വെള്ളൂർക്കുന്നത്തേക്ക് പ്രവർത്തകർ പ്രകടനവും നടത്തി.