toile
യാത്രിനിവാസിലെ ശൗചാലയം അടച്ചുപൂട്ടിയ നിലയിൽ

പെരുമ്പാവൂർ: ഒന്നരക്കോടിയിലധികം രൂപ ചെലവിട്ടു ഒന്നരവർഷം മുമ്പ് നവീകരിച്ച പെരുമ്പാവൂർ യാത്രിനിവാസ് ബസ് ഷെൽട്ടറിലെ ശൗചാലയം അടഞ്ഞുകിടക്കുന്നു. ദീർഘദൂര യാത്രക്കാർ പ്രാഥമികആവശ്യംപോലും നിറവേറ്റാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ബസിറങ്ങി ശൗചാലയം തിരക്കിച്ചെല്ലുന്ന യാത്രക്കാരന് മുന്നിൽ അടഞ്ഞ ശൗചാലയമാണ് കാണാൻ കഴിയുക. ഇതോടെ താത്കാലിക ആവശ്യം നിറവേറ്റാൻ ഒഴിഞ്ഞ പൊതുസ്ഥലങ്ങൾ തേടുകയാണ് യാത്രക്കാർ. ഇത് സമീപത്തെ കച്ചവടക്കാരെയും യാത്രക്കാരെയും വലയ്ക്കുന്നു.

20 കൊല്ലം മുമ്പ് സർക്കാർ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നടക്കം വായ്പയെടുത്താണ് നഗരസഭ യാത്രിനിവാസ് ബസ് ടെർമിനൽ യാഥാർത്ഥ്യമാക്കിയത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശൗചാലയമടക്കമുള്ള വിശ്രമകേന്ദ്രങ്ങളാണ് അന്നുണ്ടായിരുന്നത്. കുറഞ്ഞനിരക്കിൽ ദീർഘദൂര യാത്രക്കാർക്ക് താമസസൗകര്യവും വിഭാവന ചെയ്തിരുന്നു

 നഗരസഭയുടെ അനാസ്ഥയിൽ പെരുവഴിയിലായത് യാത്രക്കാർ

യാത്രക്കാരുടെ വിശ്രമമുറികൾ നഗരസഭ ഇഷ്ടക്കാർക്ക് നൽകിയതോടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽനിന്ന് യാത്രക്കാർ വരാന്തയിലേക്ക് ഇറങ്ങാൻ നിർബന്ധിതരായി. എന്നാൽ കച്ചവടക്കാർ അവരുടെ കച്ചവട സാധനങ്ങൾ ഇറക്കി വച്ച് വരാന്തയും കൈയടക്കി. ഇതോടെ പൊരിവെയിലിലേക്കും പെരുമഴത്തേക്കും ഇറങ്ങാൻ നിർബന്ധിതരായ യാത്രക്കാരുടെ ദുരിതം സാമൂഹ്യപ്രവർത്തകർ മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തി.

മനുഷ്യാവകാശ കമ്മീഷന്റെയും മാദ്ധ്യമ പ്രവർത്തകരുടെയും ഇടപെടൽ മൂലമാണ് നഗരസഭ കോടികൾ മുടക്കി വീണ്ടും ബസ് ഷെൽട്ടർ നവീകരിച്ചത്. ഇതോടൊപ്പം വിശാലമായ ശൗചാലയവും പണികഴിപ്പിച്ചു. മുൻവശത്തെ വരാന്തയോട് ചേർന്ന് യാത്രക്കാർക്ക് ഇരിപ്പടവും സജ്ജീകരിച്ചിരുന്നു. എന്നാൽ കച്ചവടക്കാർക്ക് മുന്നിൽ മുട്ടുമടക്കിയ സഗരസഭ യാത്രക്കാരുടെ ക്ഷേമസൗകര്യങ്ങൾ കണ്ടില്ലെന്ന് നടിച്ചു.

പ്രൈവറ്റ് ബസ്‌സ്റ്റാൻഡ്, പച്ചക്കറി മാർക്കറ്റ് തുടങ്ങിയ നഗരസഭയ്ക്ക് കീഴിലുള്ള ശൗചാലയങ്ങൾക്കും ഏതാണ്ട് ഇതേ അവസ്ഥതന്നെയാണെന്നും വെള്ളവും വെളിച്ചവും പലപ്പോഴും ഉണ്ടാവാറില്ലെന്നും യാത്രക്കാർക്ക് പരാതിയുണ്ട്.

 നടത്തിപ്പുകാർ പാതിവഴിയിൽ

ഉപേക്ഷിച്ചെന്ന് നഗരസഭ

ശൗചാലയങ്ങൾ നടത്തിപ്പുകാർക്ക് ലേലം വിളിച്ച് നൽകുകയാണെന്നും കൊവിഡ് കാലത്ത് ഇത്തരത്തിലുളളവർക്ക് നഷ്ടം സംഭവിച്ചതിനാൽ ഇതിന്റെ നടത്തിപ്പ് പാതിവഴിയിൽ ഉപേക്ഷിച്ചതാണ് ഈ ബുദ്ധിമുട്ടുകൾക്ക് കാരണമെന്നും നഗരസഭ അധികൃതർ പറയുന്നു.