ആലുവ: അറ്റകുറ്റപ്പണിക്കായി രണ്ടരമാസംമുമ്പ് അടച്ച തുരുത്ത് റെയിൽവേ നടപ്പാലം തുറക്കുന്നത് മൂന്നാഴ്ചകൂടി വൈകും. ഇതോടെ തുരുത്ത് നിവാസികളുടെ യാത്രാദുരിതം തുടരും. പുനരുദ്ധാരണം പൂർത്തിയാക്കി ഇന്നലെ തുറക്കുമെന്നായിരുന്നു നേരത്തെ റെയിൽവേ അധികൃതർ അറിയിച്ചിരുന്നത്.
തുടർച്ചയായുണ്ടായ മഴയെത്തുടർന്ന് അറ്റകുറ്റപ്പണി മുടങ്ങിയതാണ് നിശ്ചിതസമയത്ത് തുറക്കാൻ കഴിയാത്തതിന് കാരണമെന്ന് പറയുന്നു. രണ്ട് സ്പാനുകളുടെ പണികൾകൂടി പൂർത്തിയാക്കാനുണ്ട്. പുതുവത്സരത്തിന് മുമ്പായി നിർമ്മാണം പൂർത്തീകരിച്ച് പാലം തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പുനരുദ്ധാരണ ദൗത്യത്തിന്റെ ചുമതലയുള്ള റെയിൽവേ എൻജിനിയർ ജോസഫ് നാട്ടുകാരെ അറിയിച്ചു. പുതുക്കിയ പുനരുദ്ധാരണം പൂർത്തീകരിക്കുന്ന തീയതി രേഖപ്പെടുത്തി പാലത്തിന് സമീപം നോട്ടീസ് ബോർഡ് സ്ഥാപിക്കണമെന്ന് തുരുത്ത് സമന്വയ ഗ്രാമവേദി ആവശ്യപ്പെട്ടു.
ബസ് സർവീസ് പുനരാരംഭിക്കണം
തുരുത്ത് നിവാസികളുടെ യാത്രാദുരിതം പരിഹരിക്കാൻ ആരംഭിച്ച തോട്ടുമുഖം വഴിയുള്ള കെ.എസ്.ആർ.ടി.സി ബസുകൾ മുന്നറിയിപ്പില്ലാതെ നിർത്തലാക്കിയിരുന്നു. നിർത്തലാക്കിയ സർവീസുകൾ പുനരാരംഭിക്കണമെന്നും ജനങ്ങൾക്കുള്ള യാത്രാദുരിതം പരിഹരിക്കണമെന്നും ഗ്രാമവേദി ഗതാഗതമന്ത്രി ആന്റണി രാജുവിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.