 
പള്ളുരുത്തി: രോഗബാധിതനായി വീട്ടിൽ വിശ്രമിക്കുന്ന പൊതുപ്രവർത്തകൻ വി.ഡി. മജീന്ദ്രനെ കാണാൻ വി.എം.സുധീരനെത്തി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ദളിത്, ആദിവാസി, മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ പ്രശ്നങ്ങളിലും ഇടപെടുന്ന മജീന്ദ്രൻ, വൃക്കരോഗ തുടർന്ന് വീട്ടിൽ വിശ്രമിക്കുകയാണ്. ദീർഘകാലമായി സുധീരനുമായി അടുത്തബന്ധം പുലർത്തിയിരുന്നു മജീന്ദ്രൻ. സമൂഹത്തോട് പ്രതിബദ്ധതയുള്ള പൊതുപ്രവർത്തകനായ മജീന്ദ്രനോടൊപ്പം പല ജനകീയ വിഷയങ്ങളിലും ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ടെന്ന് സുധീരൻ പറഞ്ഞു. മജീന്ദ്രൻ നേരിടുന്ന ഈ വിഷമസന്ധിയിൽ അദ്ദേഹത്തെ ചേർത്തു നിർത്തി പൊതു സമൂഹത്തിന്റെ നന്മയ്ക്കായി തിരിച്ചു കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണെന്നും മജീന്ദ്രന്റെ ചികിത്സക്കായി രാഷ്ട്രീയ, സാമൂഹ്യ - മാധ്യമ രംഗത്തെ കൂട്ടായ്മ മുന്നോട്ട് വന്നത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു. സുധീരനോടൊപ്പം തമ്പി സുബ്രഹ്മണ്യം, നഗരസഭാംഗം അഭിലാഷ് തോപ്പിൽ, അജിത്ത്, അമീർ ബാവ, ടി.എം. റിഫാസ് എന്നിവരും ഉണ്ടായിരുന്നു.