algd-road-azhimathi
ഇരവിപുരം കാവുങ്ങപ്പറമ്പത്ത് കോണ്‍ക്രീറ്റ് റോഡ് ടൈല്‍ വിരിക്കുന്നതിനായി കുത്തിപ്പൊളിക്കുന്നു

ആലങ്ങാട്: തകരാറില്ലാത്ത ഇരവിപുരം കാവുങ്ങപ്പറമ്പത്ത് കോൺക്രീറ്റ് റോഡ് കുത്തിപ്പൊളിച്ചു പുനർനിർമ്മിക്കാനുള്ള പദ്ധതിയിൽ അഴിമതി ആരോപണവുമായി ബി.ജെ.പി. കുറഞ്ഞ ചിലവിൽ കോൺക്രീറ്റിംഗ് നടത്തുന്നതിനു പകരം 12 ലക്ഷം രൂപയോളം ചിലവഴിച്ചു റോഡ് ടൈൽ വിരിക്കുന്നതിനെതിരെയാണ് ബി.ജെ.പി. ആലങ്ങാട് പഞ്ചായത്ത് സമിതി രംഗത്തുവന്നിരിക്കുന്നത്. 2005ൽ ജനകീയാസൂത്രണ പദ്ധതിയിലാണ് 400 മീറ്റർ റോഡ് കോൺക്രീറ്റ് ചെയ്തത്. നിലവിൽ കാര്യമായ കേടുപാടുകൾ ഇല്ലാത്ത റോഡ് കഴിഞ്ഞ ദിവസം മണ്ണുമാന്തി ഉപയോഗിച്ചു കുത്തിപ്പൊളിച്ചു തുടങ്ങിയപ്പോഴാണ് പദ്ധതിയെക്കുറിച്ച് പ്രദേശവാസികൾ അറിയുന്നത്. ഇവർ എതിർപ്പുമായി എത്തി തടഞ്ഞെങ്കിലും പണി മുടങ്ങുമെന്ന പഞ്ചായത്ത് അംഗത്തിന്റെ ഭീഷണിയിൽ പിന്തിരിയുകയായിരുന്നെന്ന് ബി.ജെ.പി ആരോപിച്ചു. പ്രദേശവാസികളറിയാതെ റോഡ് പുനർനിർമ്മിക്കാനുള്ള ശ്രമം അഴിമതി ലക്ഷ്യമിട്ടാണെന്ന് ആരോപിച്ച് ബി.ജെ.പി പഞ്ചായത്ത് സമിതി ജന.സെക്രട്ടറി കെ.ആർ.രതീഷ്, സുരേഷ് പൈ എന്നിവരുടെ നേതൃത്വത്തിൽ ഇതിനെതിരെ പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നൽകുകയും പ്രതിഷേധ സമരം സംഘടിപ്പിക്കുകയും ചെയ്തു.