covid
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഇന്നലെ കൊവിഡ് വാക്സിൻ എടുക്കാൻ എത്തിയവരുടെ തിരക്ക്.

മൂവാറ്റുപുഴ: നഗരസഭയുടെ നിയന്ത്രണത്തിലുള്ള മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ കൊവിഡ് വാക്സിൻ ടോക്കൺ വിതരണത്തിൽ വ്യാപകക്രമക്കേട്. ആശാവർക്കർമാരും ഒരു വിഭാഗം കൗൺസിലർമാരും ചേർന്നാണ് തിരിമറി നടത്തുന്നതെന്നാണ് ആരോപണം. ഒന്നുമുതൽ നൂറുവരെ നമ്പറുള്ള ടോക്കൺ ഇവർ കൈവശം സൂക്ഷിക്കുകയും കുത്തിവെപ്പിനായി രാവിലെതന്നെ ആശുപത്രിയിൽ എത്തുന്നവർക്ക് നൂറിന് മുകളിലുള്ള നമ്പർ ടോക്കൺ നൽകുകയുമാണ് രീതി.

രാവിലെ പത്തോടെയാണ് സാധാരണയായി കൊവിഡ് വാക്സിനേഷൻ ആരംഭിക്കുന്നത്. എട്ടുമുതൽ സ്ത്രീകളും വയോധികരും അടക്കമുള്ളവർ ടോക്കൺ വാങ്ങാൻ ആശുപത്രിയിൽ എത്തും. ആദ്യം വരുന്നവർക്ക് ആദ്യടോക്കൺ എന്ന മാനദണ്ഡമാണ് ഇവിടെ ലംഘിക്കുന്നത്. രാവിലെതന്നെ എത്തുന്നവർക്ക് ആശാവർക്കർമാരുടെയും കൗൺസിലർമാരുടെയും ആവശ്യത്തിനുള്ളത് എടുത്തതിനുശേഷം മാത്രമാകും ടോക്കൺ നൽകുക. ഫലത്തിൽ നേരത്തെ എത്തിയിട്ടും കുത്തിവെപ്പ് എടുക്കുന്നതിനായി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട സ്ഥിതിയാണ് സാധാരണക്കാർക്കുള്ളത്.

ഇന്നലെ നടന്ന വാക്സിനേഷന് രാവിലെ ഒമ്പതിന് ജനറൽ ആശുപത്രിയിലെത്തിയ നാലംഗ കുടുംബത്തിന് 160 മുതൽ 163 വരെയുള്ള ടോക്കണുകളാണ് ലഭിച്ചത്. എന്നാൽ 11.30 ഓടെ എത്തിയ ഒരാൾക്ക് കൗൺസിലർ നൽകിയ ടോക്കണിലെ നമ്പർ 24 ആണ്. പിന്നീടെത്തിയ പലർക്കും ആശാവർക്കർമാർ നൽകിയ ടോക്കണുകളുടെ നമ്പർ അമ്പതിൽ താഴെയാണ്. ഇതോടെയാണ് ടോക്കണിലെ തിരിമറി പുറത്തറിയുന്നത്. ഇത് സ്ഥലത്തുണ്ടായിരുന്ന ചിലർ ചോദ്യം ചെയ്തതോടെ രജിസ്ട്രേഷൻ കൗണ്ടറിൽ ഉണ്ടായിരുന്ന ആശാവർക്കർ പ്രവർത്തനം അവസാനിപ്പിച്ച് ഇറങ്ങിപ്പോയി. കുത്തിവെപ്പിന് എത്തിയവർ ബഹളം വെച്ചതോടെയാണ് ഇവർ ഇരിപ്പിടത്തിൽ തിരിച്ചെത്തിയത്. ടോക്കൻ ലഭിക്കുന്നവർക്ക് വാക്സിൻ എടുക്കണമെങ്കിൽ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. ആവശ്യത്തിന് രജിസ്ട്രേഷൻ കൗണ്ടറോ സൈറ്റിൽ എൻട്രി ചെയ്യുന്നതിനുള്ള സംവിധാനമോ നിലവിലില്ല. രാവിലെ തന്നെ എത്തുന്നവർ നാലഞ്ചുമണിക്കൂർ കാത്തുനിൽക്കണം. ടോക്കൺ സമ്പ്രദായം ഒഴിവാക്കി ആദ്യമാദ്യം എത്തുന്നവരുടെ പേരുകൾ രജിസ്റ്റർ ചെയ്തു കുത്തിവെപ്പ് നൽകുന്ന രീതി നടപ്പാക്കണമെന്നാണ് ആവശ്യം.