
കൊച്ചി: അശ്ലീല പദങ്ങൾ ഉപയോഗിക്കുന്ന ചുരുളി സിനിമ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ നിന്ന് നീക്കണമെന്ന ഹർജിയിൽ സെൻസർ ബോർഡിന് ഉൾപ്പെടെ ഹൈക്കോടതി നോട്ടീസ്. തൃശൂരിലെ അഭിഭാഷക പെഗ്ഗി ഫെൻ നൽകിയ ഹർജിയിലാണിത്.
സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, സോണി പിക്‌ചേഴ്‌സ് എം.ഡി, നടന്മാരായ ചെമ്പൻ വിനോദ്, ജോജു ജോർജ്, ജാഫർ ഇടുക്കി എന്നിവർക്കും നോട്ടീസ് നൽകാൻ ജസ്റ്റിസ് എൻ. നഗരേഷ് ഉത്തരവിട്ടു. സിനിമയുടെ ഏതാനും ഭാഗങ്ങൾ കണ്ട കോടതി പ്രയോഗങ്ങൾ അതിരുവിട്ടതാണെന്ന് വാക്കാൽ അഭിപ്രായപ്പെട്ടു.
ഒ.ടി.ടി പ്ലാറ്റ്ഫോമിലായതിനാൽ സിനിമയിലെ അശ്ലീല വാക്കുകൾ കുട്ടികളുൾപ്പെടെ കേൾക്കുമെന്നും സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന സാഹചര്യത്തിൽ ഒ.ടി.ടിയിൽ നിന്ന് നീക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.