nagaraja
പേരമംഗലം പ്രണവം മലയിലെ നാഗരാജ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠാ കർമ്മങ്ങളിൽ പങ്കെടുക്കാനെത്തിയ ഭക്തർ

• പ്രതിഷ്ഠാകർമ്മം ഇന്ന് പൂർത്തിയാകും

മൂവാറ്റുപുഴ: കലൂർ പേരമംഗലം നാഗരാജ ക്ഷേത്രസമുച്ചയത്തിലെ 21 ക്ഷേത്രങ്ങളിലെയും പ്രതിഷ്ഠാകർമ്മം കെ.വി.സുഭാഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ഇന്ന് പൂർത്തിയാകും. ഗണപതി, ശനീശ്വരൻ, ഭദ്രകാളി, മഹാവിഷ്ണു, ആണ്ടിപണ്ടാരം (മുരുകൻ), കൃഷ്ണൻ, ദുർഗ്ഗ, ഹനുമാൻ എന്നീ ദേവതകളെയാണ് ഇന്ന് പ്രതിഷ്ഠിക്കുന്നത്. അഷ്ടവിനായക ക്ഷേത്രമാണ് ഏറ്റവും പ്രധാനം.

ആയില്യം നാളിൽ നാഗക്ഷേത്രത്തിൽ നാഗരാജാവ്, നാഗയക്ഷി, നാഗചാമുണ്ഡി , കരനാഗയക്ഷി എന്നീ പ്രതിഷ്ഠകൾ നടത്തിയിരുന്നു. നാഗരാജ ക്ഷേത്രത്തിലെ നിലവറയിൽ എല്ലാ മതസ്ഥർക്കും സ്ത്രീപുരുഷ ഭേദമെന്യേ കയറി തൊഴാം.

എറണാകുളം, ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമായ പേരമംഗലത്ത് ഒന്നര ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പ്രണവം മലയിൽ അടുത്തടുത്തായി നിർമ്മിച്ച ക്ഷേത്രങ്ങളിലാണ് രണ്ട് ദിവസങ്ങളിലായി പ്രതിഷ്ഠാകർമ്മം പൂർത്തിയാക്കുന്നത്. രാവിലെ 5ന് ക്ഷേത്രങ്ങളുടെ നടതുറന്നാൽ രാത്രി 8.30നേ അടയ്ക്കൂവെന്ന് ട്രസ്റ്റ് അധികാരി അറിയിച്ചു.

വഴിപാട് ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്ക് പ്രസാദം കൊറിയറായി അയച്ചുകൊടുക്കുമെന്ന് സുഭാഷ് തന്ത്രിയുടെ മകൻ വിഷ്ണു പറഞ്ഞു. ഒരേസമയം 21 പൂജാരിമാർ പൂജ നടത്തുന്ന കേരളത്തിലെ തന്നെ ഏക ക്ഷേത്രസമുച്ചയമാകും പ്രണവം മലയിലേത്. വനിതകൾക്ക് ഗണപതിഹോമം നടത്താനുള്ള പരിശീലനവും ജ്യോതിഷ പഠനവും ഇവിടെ നൽകുന്നുണ്ട്. അഞ്ച് വർഷം മുമ്പാണ് ക്ഷേത്ര നിർമ്മാണം ആരംഭിച്ചത്. നൂറും പാലും, ഗുരുതി, നാരങ്ങാമാല എന്നവയാണ് പ്രധാന വഴിപാട്. ഭക്തർക്ക് ഇവർക്ക് താമസ സൗകര്യവും അന്നദാനവും ലഭ്യമാണ്.