പറവൂർ: പഴയ സാധനങ്ങൾ എടുക്കാന്നെന്ന വ്യാജേന നാടോടി സ്ത്രീസംഘം വീട്ടുസാധനങ്ങൾ മോഷ്ടിക്കുന്നതായി പരാതി. നഗരത്തിൽ കറങ്ങുന്ന സംഘത്തിലുള്ളവർ വീട്ടിന്റെ കോമ്പൗണ്ടിലേക്ക് കയറിയാൽ കാണുന്നവ എടുത്ത് വലിയ സ‌ഞ്ചിയിലാക്കും. വീട്ടിലെത്തിയാൽ പലഭാഗത്തേക്ക് തിരിയുന്നതിനാൽ എല്ലാവരെയും ശ്രദ്ധിക്കാൻ വീട്ടുകാർക്ക് സാധിക്കുന്നില്ല. ഇവർ പോയതിന് ശേഷമാണ് പുറത്തുവെച്ചിരുന്ന ഉപയോഗിച്ചിരുന്ന പലസാധനങ്ങളും നഷ്ടപ്പെട്ടതായി കാണുന്നത്. കഴിഞ്ഞ ദിവസം തോന്ന്യകാവ് – അത്താണി ഭാഗത്തെ പത്തോളം വീടുകളിൽ ഇവരെത്തി. ചില വീടുകളിൽ നിന്ന് പാത്രങ്ങൾ ,​ബക്കറ്റുകൾ,​ ഉപകരണങ്ങൾ തുടങ്ങിയവ നഷ്ടപ്പെട്ടു. ആരും പൊലീസിൽ പരാതി നൽകിയിട്ടില്ല. കൂടുതൽ സാധനങ്ങൾ നഷ്ടപ്പെട്ട വീട്ടിലെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോഴാണ് ഇവർ സാധനങ്ങൾ സഞ്ചിയിലാക്കുന്ന കാഴ്ച കണ്ടത്. ഒരു സ്ത്രീയുടെ തോളിലുള്ള തുണിയിൽ ഒരു കുട്ടിയെ തൂക്കിയിട്ടിട്ടുണ്ട്. സംഘം വീട്ടിൽ നിന്ന് സാധനങ്ങൾ എടുക്കുന്ന വിഡിയോ വീട്ടുടമ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇത്തരം നാടോടി സംഘങ്ങളെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കണമെന്ന് വിവിധ റസിഡൻസ് അസോസിയേഷനുകൾ ആവശ്യപ്പെട്ടു.