കൊച്ചി: എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ കെ.പി.സി.സി ഭാരവാഹികളും ജനപ്രതിനിധികളും തേവരയിലെ കെ.യു.ആർ.ടി.സി ആസ്ഥാന മന്ദിരം സന്ദർശിച്ചു. തേവര ഡിപ്പോയിൽ എ.സി. ലോ ഫ്‌ലോർ ബസുകൾ അറ്റകുറ്റപ്പണി നടത്താതെ നശിപ്പിച്ച സംഭവത്തിൽ പ്രത്യക്ഷ സമരം തുടങ്ങുന്നതിന് മുന്നോടിയായിരുന്നു സന്ദർശനം.
പൊതു ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയതിന് ഉത്തരവാദികളായവർക്കെതിരെ കേസെടുക്കണമെന്നും ഇവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. പതിനഞ്ച് വർഷം ഉപയോഗിക്കാവുന്ന ബസുകൾ നാലോ അഞ്ചോ വർഷം മാത്രം ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു. ഇത് തികഞ്ഞ അനാസ്ഥയാണ്. പൊതുഖജനാവ് കൊള്ളയടിച്ച ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ടി.ജെ. വിനോദ് എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ ഉപവാസ സമരവും ബഹുജന മാർച്ച് അടക്കമുള്ള ശക്തമായ സമര പരിപാടികളും ആരംഭിക്കും.
ടി.ജെ. വിനോദ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, കെ.പി. ഹരിദാസ്, മുഹമ്മദ് കുട്ടി മാസ്റ്റർ, ജെയ്‌സൺ ജോസഫ്, ടോണി ചമ്മിണി, തമ്പി സുബ്രഹ്മണ്യം, ജോസഫ് ആന്റണി, സി.കെ. ഗോപാലൻ, സിമ്മി റോസ്‌ബെൽ ജോൺ, എം.പി. ശിവദത്തൻ, ബെൻസി ബെന്നി, കെ.എക്‌സ് . സേവ്യർ, പോളച്ചൻ മണിയങ്കോട്ട് എന്നിവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.