മരട്: വർദ്ധിച്ചുവരുന്ന മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി സംസ്ഥാന സർക്കാർ എറണാകുളം ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിൽ ഖരമാലിന്യം സംസ്കരിച്ച് ഊർജ്ജം ഉത്പാദിപ്പിക്കുന്ന തരത്തിലുള്ള ആധുനിക മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കും. ഖരമാലിന്യം സംസ്കരിക്കുന്നതിനായി പ്രതിദിനം 500 ടൺ വരെ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റാണ് ബ്രഹ്മപുരത്ത് 20 ഏക്കർ സ്ഥലത്ത് നിർമ്മിക്കുന്നത്. മരട് നഗരസഭയ്ക്ക് പ്രസ്തുത പദ്ധതിയിൽ പങ്കാളിയാവാൻ താത്പര്യമുണ്ടെന്ന് ചെയർമാൻ ആന്റണി ആശാംപറമ്പിൽ അറിയിച്ചു. അതിനുവേണ്ടി കൊച്ചി കോർപ്പറേഷനുമായി ധാരണ ഒപ്പുവയ്ക്കുന്നതിനു മുന്നോടിയായി മരട് നഗരസഭ വരുന്ന തിങ്കളാഴ്ച കൗൺസിൽ കൂടി സെക്രട്ടറിയെ പ്രസ്തുത പദ്ധതിയിൽ എഗ്രിമെന്റ് വയ്ക്കുന്നതിന് തീരുമാനിക്കും.