കിഴക്കമ്പലം: സർക്കാർ വകുപ്പുകളുടെ ശീതസമരത്തിൽ, വകുപ്പ് അദ്ധ്യക്ഷന്മാർ പരസ്പരം പഴിചാരി മത്സരിക്കുന്നതിനിടെ കിഴക്കമ്പലം - നെല്ലാട് റോഡ് കോടതികേറി. ഇന്നലെ അഭിഭാഷകനും റോഡ് ദുരിതത്തിന്റെ ഇരയുമായ അഡ്വ. പ്രമോജ് അബ്രാഹം നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചു. പ്രാഥമികവാദം കേട്ട കോടതി സർക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ട് 16 ന് കേസ് പരിഗണിക്കാൻ മാറ്റി. നേരത്തെ ബിജു എം. ജോർജ് നൽകിയ മറ്റൊരു കേസും ഇതോടൊപ്പം പരിഗണിക്കും. ഇതേ റോഡുമായി ബന്ധപ്പെട്ട് നെല്ലാട്റോഡ് വാട്സ്ആപ്പ് കൂട്ടായ്മ നൽകിയ പൊതുതാത്പര്യ ഹർജി 14ന് പരിഗണിക്കുന്നുണ്ട്. ഇന്നലെ ജസ്റ്റിസ് മുരളി പുരുഷോത്തമനാണ് കേസ് പരിഗണിച്ചത്. വാദിക്കാരനുവേണ്ടി അഡ്വക്കേറ്റുമാരായ വിനു ചന്ദ്, കെ.എ.അനീഷ്, ശരണ്യ ചന്ദ്രൻ എന്നിവർ ഹാജരായി.
കിഴക്കമ്പലം മുതൽ നെല്ലാട് വരെ കുഴി മാത്രമായ റോഡിൽ പ്രതിദിനം പത്തിലധികം അപകടങ്ങളാണ് നടക്കുന്നത്. ഇരു ചക്രവാഹന യാത്രികരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. മഴ പെയ്താൽ കുഴിയിൽ വെള്ളം നിറയുന്നതോടെ തോണിയാത്രക്ക് സമാനമാണ് യാത്ര. മഴ മാറിയാൽ പൊടി നിറഞ്ഞ് റോഡിൽ സഞ്ചരിക്കുന്നത് ദുഷ്‌കരവുമാണ്. രണ്ട് ദിവസം മഴ മാറിനിന്നതോടെ റോഡരുകിലുള്ള വീടുകളിൽ കഴിയുന്നവർ പൊടിയടിച്ച് മടുത്തു. പ്രായമായവർക്ക് ശ്വാസകോശ രോഗങ്ങളും കുട്ടികൾക്ക് ചുമയും അലർജിയും പിടിപെടുന്നതായി നാട്ടുകാർ പറയുന്നു. റോഡില്ലാതായതോടെ കച്ചവടം ഇടിഞ്ഞ വ്യാപാരികൾക്ക് പൊടിശല്ല്യം കൂടി ആയതോടെ കട തുറന്നിരിക്കാൻ പറ്റാത്ത അവസ്ഥയാണ്. തകർന്ന് തരിപ്പണമായ റോഡിന്റെ അറ്റകുറ്റപണിക്കായി 2.12 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. എന്നാൽ നിലവിലെ സ്ഥിതിയിൽ ഈ തുക അറ്റകുറ്റ പണിക്ക് അപര്യാപ്തമാണ്.
തുക വർദ്ധിപ്പിച്ച് നൽകി റോഡ് ബി.എം, ബി.സി നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രാഷ്ട്രീയത്തിന് അതീതമായി ഒന്നിച്ച് സമരരംഗത്താണ്. രണ്ട് ഘട്ട സമരങ്ങൾ കഴിഞ്ഞ് മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. കോടതി വിധി വന്നശേഷം സമരത്തിന്റെ മൂന്നാം ഘട്ടം തീരുമാനിക്കുമെന്ന് ജനകീയ സമരസമിതി രക്ഷാധികാരി ബിജു മഠത്തിപറമ്പിൽ പറഞ്ഞു.
കിഫ്ബിഫണ്ട് ഉപയോഗിച്ച് എറണാകുളം തേക്കടി സംസ്ഥാന പാതയിലെ 22 കിലോമീറ്ററോളമുള്ള റോഡ് നിർമാണത്തിനായി മനക്കക്കടവ് മുതൽ നെല്ലാട് വരെ ബി.എം, ബി.സി നിലവാരത്തിൽ പണി തീർക്കാൻ കളമശേരിയിലെ ഡീൻസ് ഗ്രൂപ്പാണ് കരാറെടുത്തത്. 2018 ൽ ആരംഭിച്ച് ഒന്നരവർഷത്തിനകം പൂർത്തീകരിക്കാനായിരുന്നു പദ്ധതി. എന്നാൽ മനക്കക്കടവ് മുതൽ പള്ളിക്കര വരെയും, പട്ടിമറ്റം മുതൽ പത്താംമൈൽ വരെയും പണി പൂർത്തിയാക്കി കിഴക്കമ്പലം മുതൽ നെല്ലാട് വരെ പണി ഉപേക്ഷിച്ചു. പത്ത് വർഷത്തോളമായി നാട്ടുകാർ ഈ റോഡിന്റെ ദുരിതംപേറുന്നു. സമര പ്രഹസനങ്ങൾ കണ്ടുമടുത്തതോടെ കൊടിയുടെ നിറം നോക്കാതെ ഒരു കുടക്കീഴിൽ അണിനിരന്ന് ഒറ്റക്കെട്ടായാണ് പോരാട്ടം തുടരുന്നത്.