ullas
ആവോലി ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലെ ഇരുപത്തിമൂന്നോളം ഏക്കർ വരുന്ന മുള്ളത്തു കണ്ടം പാടശേഖരം കൃഷി യോഗ്യമാക്കുന്നതിന്റെ ഉദ്ഘാടനം പാടത്ത് വിത്തെറിഞ്ഞ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവ്വഹിക്കുന്നു.

മൂവാറ്റുപുഴ: ആവോലി ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലെ വർഷങ്ങളായി തരിശായി കിടന്നിരുന്ന ഇരുപത്തിമൂന്നോളം ഏക്കർ വരുന്ന മുള്ളത്തു കണ്ടം പാടശേഖരം കതിരണിയാൻ ഒരുങ്ങുന്നു. പാടം കൃഷി യോഗ്യമാക്കുന്നതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് വിത്തെറിഞ്ഞ് നിർവ്വഹിച്ചു. നെൽകൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി എറണാകുളം ജില്ലാ പഞ്ചായത്തും മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തും ആവോലി ഗ്രാമ പഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. തൊഴിലുറപ്പു പദ്ധതിയുടെയും ആവോലി സർവ്വീസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. കർഷകരിൽ നിന്ന് പാട്ടവ്യവസ്ഥയിൽ രണ്ട് കുടുംബശ്രീ ജെ .എൽ. ജി ഗ്രൂപ്പുകൾ ചേർന്നാണ് കൃഷിയിറക്കുന്നത്. പാടം കൃഷിയോഗ്യമാക്കുന്നതിനുള്ള പ്രാരംഭ ജോലികൾ തൊഴിലുറപ്പു പദ്ധതിയിലാണ് ചെയ്തത്. ഗ്രൂപ്പുകൾക്ക് ആവശ്യമായ പ്രാരംഭ സാമ്പത്തിക സഹായം ആവോലി സർവ്വീസ് സഹകരണ ബാങ്കാണ് നൽകിയത്.

ത്രിതല പഞ്ചായത്തുകളെയും വിവിധ വകുപ്പുകളെയും മറ്റിതര സാമ്പത്തിക സ്ഥാപനങ്ങളെയും എങ്ങനെ സംയോജിപ്പിച്ച് ഒരു പദ്ധതി നടപ്പിലാക്കാം എന്നതിന് ഉത്തമോദാഹരണമാണ് ഈ പദ്ധതിയെന്ന് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ആവോലി ഡിവിഷൻ മെമ്പർ കെ.ജി.രാധാകൃഷ്ണൻ, ആറാം വാർഡ് മെമ്പർ ബിജു മുള്ളംകുഴി എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ അദ്ധ്യക്ഷനായി. ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ്, മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്‌സി ജോർജ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.ജി.രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഫ്‌റഫ് മൊയ്തീൻ, പഞ്ചായത്തംഗങ്ങളായ ബിജു മുള്ളംകുഴി, ആൻസമ്മ വിൻസന്റ്, വി.എസ്.ഷെഫാൻ, ബിന്ദു ജോർജ്, ജോർജ് തെക്കുംപുറം, ഷാജു വടക്കൻ, സൗമ്യ ഫ്രാൻസിസ്, എ.ഡി.എ. ടാനി തോമസ്, കൃഷി ഓഫീസർ ശ്രീല ഗോവിന്ദ്, ജോസ് പെരുമ്പിള്ളിക്കുന്നേൽ, പയസ് നെടുങ്കല്ലേൽ തുടങ്ങിയവർ സംസാരിച്ചു.