കൊച്ചി: എം.ജി റോഡിൽ എന്തു വികസനം വന്നാലും അതിന്റെ നഷ്ടം സഹിക്കുന്നത് മഹാരാജാസ് കോളേജ് ആണ്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പണ്ടേ അങ്ങനെയാണ്. സീവേജ് പമ്പ് ഹൗസും ഹിസ്റ്ററി അസോസിയേഷൻ ഓഫീസും സ്ഥിതിചെയ്യുന്ന സ്ഥലം കോളേജിന്റേതാണ്. മെട്രോ സ്റ്റേഷനു വേണ്ടി 16.4 സെന്റ്സ്ഥലമാണ് വിട്ടുകൊടുത്തത്. ഒറ്റക്കാശ് കിട്ടിയില്ലെന്നു മാത്രമല്ല സ്ഥലം വിട്ടുകൊടുത്തതിന് പകരമായി ഗേൾസ് ഹോസ്റ്റൽ നവീകരിക്കാമെന്ന വാഗ്ദാനവും വെള്ളത്തിൽ വരച്ച വരയായി.

മുല്ലശ്ശേരി കനാൽ വികസനത്തിന്റെ ഭാഗമായി കച്ചവടസ്ഥാപനങ്ങളെ കോളേജ് ഗ്രൗണ്ടിലേക്ക് മാറ്റിസ്ഥാപിക്കാനാണ് ഏറ്റവും ഒടുവിലത്തെ ശ്രമം. കോളേജ് കൗൺസിലും കോളേജ് ഡെവലപ്‌മെന്റ് കമ്മിറ്റിയും പൂർവ വിദ്യാർഥികളുമടക്കം ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. സമര സൂചനയുമായി കെ.എസ്.യു കൊടി നാട്ടി.

ഏകപക്ഷീയമായ തീരുമാനം

'ഓപ്പറേഷൻ ബ്രേക്ക് ത്രൂ'വിന്റെ ഭാഗമായാണ് മുല്ലശ്ശേരി കനാൽ നവീകരണം. മുന്നോടിയായി കനാലിന്റെ സമീപത്തുള്ള കച്ചവടസ്ഥാപനങ്ങളെ കോളേജ് ഗ്രൗണ്ടിലേക്ക് പുനരധിവസിപ്പിക്കാൻ കളക്ടറുടെ നേതൃത്വത്തിലുള്ള യോഗം തീരുമാനിച്ചു. മഹാരാജാസ് കോളേജ് ബാസ്‌കറ്റ് ബാൾകംനെറ്റ് ബാൾ കോർട്ട് നിർമ്മിക്കുന്നതിനായി അനുമതി ലഭിച്ച സ്ഥലമാണ് അധികൃതർ ഇതിനായി കണ്ടെത്തിയത്.

സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതും തോട്ടയ്ക്കാട്ട് കുടുംബം കായിക ഉന്നമനത്തിനായി മാത്രം ഉപയോഗിക്കാൻ കൈമാറിയിട്ടുള്ളതുമാണ് കോളേജിന്റെ സ്ഥലം. ഈ സ്ഥലം മറ്റ് ആവശ്യങ്ങൾക്കുവേണ്ടി സർക്കാരിന്റെ മുൻകൂട്ടി അനുമതിയില്ലാതെ ഉപയോഗിക്കുന്നതിലാണ് പ്രതിഷേധം. ഇക്കാര്യത്തിൽ അധികാരികൾ ഇടപെടണമെന്നാവശ്യപ്പെട്ട് കോളേജ് പ്രിൻസിപ്പൽ ഡോ. മേഴ്‌സി ജോസഫ് കളക്ടർക്ക് കത്തുനൽകി.

 ബദൽ വഴികൾ തേടണം

ഫാഷൻ സ്ട്രീറ്റിലെ 15 കച്ചവടക്കാരെയാണ് പുനരധിവസിപ്പിക്കേണ്ടത്. അധികൃതർ മനസുവച്ചാൽ കോളേജ് ഗ്രൗണ്ടിലെ സ്ഥലം കച്ചവടത്തിനായി ഒരുക്കിയെടുക്കുന്ന സമയം കൊണ്ട് മുല്ലശേരി കനാൽ നവീകരിക്കാമെന്ന് സമീപവാസികൾ പറയുന്നു. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാൽ മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ അര കിലോമീറ്ററോളം വരുന്ന ഭാഗത്തെ പ്രവൃത്തികൾ പൂർത്തിയാക്കാം. ഒരാഴ്ച കച്ചവടം വേണ്ടെന്നു വയ്ക്കാൻ കടക്കാർ സൻമനസു കാട്ടണം. ലോക്ക് ഡൗൺ കാലത്ത് മൂന്നു മാസത്തോളം കടകൾ അടച്ചിട്ടവർ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടി അല്പം ത്യാഗം അനുഷ്ഠിക്കണമെന്നാണ് വാദം. സ്വർണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ളവരെ ഫാഷൻ സ്ട്രീറ്റിലെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒന്നര വർഷം മുമ്പ് പത്തു ദിവസത്തോളം പി.ടി.ഉഷ റോഡിലേക്കുള്ള വഴി അടച്ചിട്ടതും മറക്കാറായിട്ടില്ല.

 സ്ഥിരമാകുമോയെന്ന് ഭയം

കൊച്ചിനിവാസികളായിരുന്ന ടിബറ്റുകാർക്ക് വേണ്ടിയാണ് ഫാഷൻ സ്‌ട്രീറ്റിൽ കച്ചവടം അനുവദിച്ചത്. എന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ ടിബറ്റുകാരെ ഇവിടെനിന്ന് ആട്ടിപ്പായിച്ച് പ്രമാണിമാരായ ചില കച്ചവടക്കാർ ഇവിടം പിടിച്ചെടുത്തു. ബിനാമികളായി അന്യനാട്ടുകാരെ നിയോഗിച്ചു. ഇതേ രീതിയിൽ കോളേജ് ഗ്രൗണ്ടും കച്ചവടക്കാർ കൈയേറുമെന്നാണ് ആശങ്ക.