മൂവാറ്റുപുഴ: വനിതാ ശിശുവികസന വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്കും ലിംഗ വിവേചനങ്ങൾക്കുമെതിരെ നടത്തുന്ന ഓറഞ്ച് ദ വേൾഡ് ക്യാമ്പയിനിന്റെ സമാപനവും അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണവും പായിപ്ര ഗവ.യു.പി സ്കൂളിൽ സംഘടിപ്പിച്ചു. നവംബർ 25 മുതൽ ഡിസംബർ 10 വരെ നടന്ന ഓറഞ്ച് ദ വേൾഡ് ക്യാമ്പയിനിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ എൻ. ബി. രേഷ്മ സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡന നിരോധന നിയമം, ശൈശവ വിവാഹം തടയൽ, പോക്സോ നിയമം, കുട്ടികളുടെ അവകാശങ്ങൾ എന്നീ വിഷയങ്ങളിൽ ക്ലാസെടുത്തു. പി. ടി .എ പ്രസിഡന്റ് നസീമ സുനിൽ മനുഷ്യാവകാശദിന സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് വി.എ. റഹീമ ബീവി അദ്ധ്യക്ഷയായി. അദ്ധ്യാപകരായ കെ .എം. നൗഫൽ, എ. സലീന, എം. എം. ആര്യാമോൾ , വിദ്യാർത്ഥികളായ അഥീന കെ. സാജു, അനു മോൾ മാത്യു, ഫാത്തിമ ഷംന, അലീന ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.