df

കോലഞ്ചേരി: കുന്നത്തുനാട് എം.എൽ.എ അഡ്വ. പി.വി. ശ്രീനിജിനെ തേടിയെത്തിയ ഒരു ഫോൺ സംഭാഷണം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. മുല്ലപ്പെരിയാർ വിഷയത്തെകുറിച്ച് ചോദിക്കുന്ന വാണിയെന്ന യുവതിയോടുള്ള 5.24 മിനിറ്റ് നീളുന്ന സംഭാഷണമാണിത്.

കുന്നത്തുനാട് എം.എൽ.എയാണോ എന്ന ചോദ്യത്തിലാണ് സംസാരം തുടങ്ങുന്നത്. സംസാരിക്കാൻ സമയമുണ്ടോ എന്ന് യുവതി ചോദിക്കുമ്പോൾ, പറഞ്ഞോളൂ എന്ന മറുപടിയിലൂടെയാണ് സംസാരം പോകുന്നത്. പറയുന്ന കാര്യം കേട്ട് ഫോൺ കട്ട് ചെയ്യരുത് എന്ന ആമുഖമായി യുവതി പറയുമ്പോൾ തിരക്കുണ്ട് വളരെ ചുരുക്കി പറയണം എന്ന മറുപടിയും കൊടുക്കുന്നുണ്ട്. മുല്ലപ്പെരിയാർ ഡാമിലെ ബലക്കുറവ് ഭീതിയിൽ വള്ളക്കടവുകാർക്ക് ഉറങ്ങാൻ കഴിയുന്നില്ല. തനിക്ക് പത്ത് വയസായ ഒരു മകനുണ്ട്. തന്റെ ഭീതി എം.എൽ.എ മനസിലാക്കണം എന്നു പറയുന്ന യുവതിയോട് താൻ താമസിക്കുന്നതും പെരിയാറിന്റെ തീരത്താണെന്നും തനിക്കും പെൺമക്കളാണെന്നും നിങ്ങളുടെ ഭീതി തനിക്കുമുണ്ടെന്നും പറഞ്ഞാണ് സംഭാഷണം തുടരുന്നത്.

പുതിയ ഡാം വേണമെന്നാണോ നിലപാടെന്ന് സംഭാഷണത്തിൽ യുവതി ആവർത്തിക്കുന്നുണ്ട്. തന്റെ നിലപാട് അതാണ് എന്ന് എം.എൽ.എയും വ്യക്തമാക്കി. താൻ ഇതു വരെ നിരവധി എം.എൽ.എ മാരെ തന്റെ ആശങ്കയറിയിച്ച് വിളിച്ചെന്നും ആരും പ്രതികരിച്ചില്ലെന്നുമാണ് യുവതി പറയുന്നത്. ഇക്കാര്യത്തിൽ തന്റെ ആശങ്കയ്ക്ക് അർഹിക്കുന്ന ഉത്തരം ലഭിച്ചതിനും ആശ്വാസ വാക്കുകൾക്കും നന്ദി പറഞ്ഞാണ് സംഭാഷണം അവസാനിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വന്ന സംഭാഷണം നിരവധി പേരാണ് ഷെയർ ചെയ്യുന്നത്.