മൂവാറ്റുപുഴ: ഉപയോഗിക്കാത്ത ആയിരക്കണക്കിന് വസ്ത്രങ്ങൾക്ക് പുതുജീവൻ നൽകി വിദ്യാർത്ഥികൾ മാതൃകയായി. ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റ്, ഭൂമിത്ര സേന, ജൂനിയർ റെഡ്‌ക്രോസ് തുടങ്ങിയ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ ആരംഭിച്ച 'വസ്ത്ര പദ്ധതി'യുടെ ഭാഗമായി വസ്ത്രങ്ങൾ ശേഖരിച്ചു. പാകമാകാത്തതും കുറച്ച് തവണ മാത്രം ഉപയോഗിച്ചതും മറ്റുള്ളവർക്ക് ഉപയോഗിക്കാൻ പാകമായതുമായ നല്ല വസ്ത്രങ്ങൾ കഴുകി തേച്ച് മടക്കി കവറുകളിലാക്കി ഓരോ വിദ്യാർത്ഥികളും അദ്ധ്യാപകരും സ്‌കൂളിൽ കൊണ്ടുവരികയും ശേഖരിച്ചവയിൽ നിന്ന് വേർതിരിച്ച വസ്ത്രങ്ങൾ മൂവാറ്റുപുഴയിൽ ആരംഭിച്ച ഫാദർ ഡേവിഡ് ചിറമേൽ ട്രസ്റ്റിന് കീഴിലുള്ള ക്ലോത്ത് ബാങ്കിന് നൽകുകയും ചെയ്തു. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലുമുള്ള ഗുഡ്‌വിൽ ഷോപ്പുകളുടെ മാതൃകയിലാണ് പ്രവർത്തിക്കുന്നതെന്ന് ക്ലോത്ത് ബാങ്ക് സെക്രട്ടറി പി.യു. എൽദോസ് പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ ഫാദർ ഡേവിഡ് ചിറമേലിന് വിദ്യാർത്ഥികളായ പി.ടി. ധനുരാജും അതുൽ മനോജും പ്രോഗ്രാം ഓഫീസറായ സമീർ സിദ്ദീഖിയും ചേർന്ന് വസ്ത്രങ്ങൾ കൈമാറി. സ്‌കൂൾ പ്രിൻസിപ്പൽ റനിത ഗോവിന്ദ്, ഹെഡ്മാസ്റ്റർ എ.എ അജയൻ, പി.ടി.എ പ്രസിഡന്റ് പി.ടി.അനിൽകുമാർ, മദർ പി.ടി.എ ചെയർപേഴ്‌സൺ സിനിജ സനിൽ, സ്‌കൂൾ വികസന സമിതി ചെയർമാൻ ടി.വി അവിരാച്ചൻ, സീനിയർ അസിസ്റ്റന്റ് എം.പി.ഗിരിജ, സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ, ജി.ശ്രീകല, പി. കൃഷ്ണപ്രിയ, ടി. പൗലോസ്, രതീഷ് വിജയൻ, അനൂപ് തങ്കപ്പൻ, എം.ഐ. ഷീബ, ഗ്രേസി കുര്യൻ, നിഷ മജേഷ്, ഹണി വർഗീസ്, പി. സമീർ സിദ്ദീഖി, ഷീന നൗഫൽ, സിലി ഐസക്ക്, പ്രീന എൻ. ജോസഫ്, ടി.എൽ. ശ്യാം ലാൽ, റാണിറ്റ ഫെബിൻ തുടങ്ങിയവർ നേതൃത്വം നൽകി.