rogi
മഹാപ്രളയത്തില്‍ തകര്‍ന്ന് പോയ ഇടതുകര മെയിന്‍ കനാല്‍ ബണ്ടിന്‍റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തികളുടെ പുരോഗതി റോജി എം. ജോണ്‍ എം.എല്‍.എ വിലയിരുത്തുന്നു

അങ്കമാലി: ചാലക്കുടി ഇടതുകര കനാലിന്റെ പ്രധാന ബണ്ടിന്റെ നിർമ്മാണം ഉടൻ തുടങ്ങും. ഇതിനായി റീബിൽഡിംഗ് കേരള ഇനിഷ്യേറ്റീവിൽപ്പെടുത്തി 5.64 കോടി രൂപ അനുവദിച്ചു. 2018ലെ മഹാപ്രളയത്തിൽ പുഴ മാറിയൊഴുകിയതോടെ ചാലക്കുടി റിവർഡൈവേർഷൻ സ്കീമിന്റെ ഇടതുകര മെയിൻ കനാലിന്റെ വലതു ബണ്ട് ഒലിച്ചുപോകുകയായിരുന്നു. പുതിയതായി 5 മീറ്ററോളം ഉയരത്തിലുള്ള സംരക്ഷണഭിത്തിയാണ് നിർമ്മിക്കുന്നത്.

പ്രളയത്തിനു ശേഷം 35 ലക്ഷം രൂപ മുടക്കി താത്കാലിക ബണ്ടുകൾ നിർമ്മിച്ചാണ് വെള്ളം ഇതുവരെ ഒഴുക്കിയിരുന്നത്. പൂർണ്ണതോതിൽ വെള്ളം ഒഴുക്കാൻ കഴിയാത്തതുമൂലം പലപ്പോഴും കൃഷിയാവശ്യങ്ങൾക്ക് വേണ്ടത്ര വെള്ളം ലഭിച്ചിരുന്നില്ല. തുമ്പൂർമുഴി ഡാമിന്റെ തൊട്ടു താഴെയായതിനാൽ ഈ ഭാഗത്ത് ശക്തമായ വെള്ളത്തിന്റെ കുത്തൊഴുക്കാണ്. പുഴയുടെ ഒഴുക്ക് കണക്കിലെടുത്ത് ശക്തമായ ബണ്ടാണ് പുനർനിർമ്മിക്കുന്നത്. ബണ്ട് നിർമ്മാണം പൂർത്തിയാകുന്നതോടെ പഴയ പടി വെള്ളം ഒഴുക്കാൽ കഴിയും. അങ്കമാലി നിയോജക മണ്ഡലത്തിന്റെ പാറക്കടവ്, കറുകുറ്റി, മൂക്കന്നൂർ, തുറവൂർ കാലടി, മഞ്ഞപ്ര, അയ്യമ്പുഴ പഞ്ചായത്തുകളിലും തൃശൂർ ജില്ലയിലെ കൊരട്ടി, മേലൂർ, അന്നമനട പഞ്ചായത്തുകളിലായി 8500ൽ പരം ഹെക്ടർ സ്ഥത്താണ് ഇടതുകര കനാൽ വഴി വെള്ളം എത്തിക്കുന്നത്‌. റോജി എം.ജോൺ എം.എൽ.എ മുൻകൈയെടുത്ത് സമർപ്പിച്ച പദ്ധതി പ്രകാരമാണ് ബണ്ട് പുനർനിർമിക്കുന്നത്. കഴിഞ്ഞ ദിവസം എം.എൽ.എ.റോജി.എം.ജോണിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ഉൾപ്പെടെ പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ എത്തായിരുന്നു.