തൃപ്പൂണിത്തുറ: മണ്ണിനടിയിലെ കുടിവെള്ള പൈപ്പിലെ ചോർച്ചമൂലം റോഡ് കുളമാകുന്നു. ചോർച്ച പരിഹരിക്കാത്ത ജല അതോറിട്ടിയുടെ അനങ്ങാപ്പാറ നയത്തിൽ നാട്ടുകാർക്ക് അമർഷം. തൃപ്പൂണിത്തുറ എസ്.എൻ ജംഗ്ഷനിലാണ് ജല അതോറിട്ടിയുടെ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുന്നത്.
ശുദ്ധജലം പാഴാകാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായിട്ടും ചോർച്ച പരിഹരിക്കാൻ ജല അതോട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. നഗരത്തിലേക്കുള്ള ശുദ്ധജല വിതരണ പമ്പിംഗ് നടക്കുമ്പോഴാണ് ചോർച്ച അധികമാകുന്നത്. ഏറെ വാഹന തിരക്കേറിയ ജംഗ്ഷനിലാണ് പൊട്ടിയ പൈപ്പിലൂടെ കുടിവെള്ളം പാഴായി പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഒട്ടേറെ പരാതികളും അതിന്റെ അടിസ്ഥാനത്തിൽ മരാമത്ത് പണികളും നടത്തിയിട്ടും ചോർച്ച പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനിടയിൽ മെട്രോ റെയിലിന്റെ പണികളുമായി ബന്ധപ്പെട്ട് റോഡ് തകർന്ന് തരിപ്പണമായി കിടക്കുകയായിരുന്നു. ഈ സമയത്ത് ജല അതോറിട്ടിക്ക് കുടിവെള്ള ചോർച്ച കണ്ടെത്തി പരിഹരിക്കാമായിരുന്നെങ്കിലും ചെയ്തില്ലെന്ന് നാട്ടുകാർ പറഞ്ഞു.