കൊച്ചി: കൊച്ചിയുടെ സ്വപ്നപദ്ധതിയായ കനാൽ പുനരുദ്ധാരണത്തിന്റെ പദ്ധതി റിപ്പോർട്ട് കെ.എം.ആർ.എൽ സമർപ്പിച്ചു. 1500 കോടിയുടെ പദ്ധതിയാണിത്. ഇടപ്പള്ളി കനാൽ, മാർക്കറ്റ് കനാൽ, തേവര കനാൽ, തേവര-പേരണ്ടൂർ കനാൽ, ചിലവന്നൂർ കനാൽ, കോന്തുരുത്തി കനാൽ എന്നിവ പുനരുദ്ധരിച്ച് യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും വെള്ളക്കെട്ട് ഒഴിവാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. ഇതിൽ ഇടപ്പള്ളി കനാൽ പൂർണ്ണമായും സഞ്ചാരയോഗ്യമാക്കി വാട്ടർമെട്രോയുടെ ഏരൂർ, ചേരാനല്ലൂർ ജട്ടികളുമായി ബന്ധിപ്പിക്കും. കനാൽ നവീകരണത്തിനാവശ്യമായ സ്ഥലത്തിന്റെ അതിർത്തി നിർണയം പൂർത്തിയായി. സാമൂഹ്യപ്രത്യാഘാത പഠനം നടന്നുവരികയാണ്. സ്ഥലം കൈമാറ്റം ചെയ്ത് കിട്ടുന്നതോടെ ആഗസ്റ്റിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതുക്കിയ പദ്ധതി റിപ്പോർട്ടാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് കേരള കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിട്ടിക്ക് സമർപ്പിച്ചത്. പദ്ധതിയിലുൾപ്പെട്ട കനാലുകളിൽ മാത്രം കനാൽ ലോക്‌ഗേറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റിയുടെ ആശങ്ക കണക്കിലെടുത്ത് അതൊഴിവാക്കിയാണ് പദ്ധതി റിപ്പോർട്ട് പുതുക്കി നൽകിയത്. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിച്ച് ജലസേചന വകുപ്പ്, ദുരന്തനിവാരണ അതോറിറ്റി എന്നിവയുമായി കൂടിയാലോചന നടത്തിയശേഷമേ കനാൽ ലോക് ഗേറ്റിന്റെ സാധ്യത പരിഗണിക്കുകയുള്ളൂ. അതോറിറ്റിയുടെ അനുമതി കിട്ടിയാൽ ടെണ്ടറിംഗ് നടപടികൾ ആരംഭിക്കുമെന്ന് കെ.എം.ആർ.എൽ അറിയിച്ചു.