കൊച്ചി: ലക്ഷദ്വീപിന് സമീപം മത്സ്യബന്ധനബോട്ടിൽ രോഗബാധിതനായ മത്സ്യത്തൊഴിലാളിയെ കോസ്റ്റ് ഗാർഡ് രക്ഷപെടുത്തി കവരത്തിയിലെ ആശുപത്രിയിലെത്തിച്ചു. മഴൈമലമാതയെന്ന തമിഴ്നാട് ബോട്ടിലെ തൊഴിലാളി രാഹുലിനെയാണ് രക്ഷിച്ചത്.
സുഹേലിപ്പർ ദ്വീപിന് സമീപം മത്സ്യത്തൊഴിലാളി രോഗബാധിതനായി കഴിയുന്നെന്ന വിവരം ഇന്നലെ പുലർച്ച 1.30നാണ് ലക്ഷദ്വീപ് ഫിഷറീസ് വകുപ്പ് കവരത്തിയിലെ കോസ്റ്റ്ഗാർഡ് സ്റ്റേഷനിൽ അറിയിച്ചത്. 1.50ന് സാറ്റലൈറ്റ് ഫോൺവഴി ബോട്ടുമായി ബന്ധപ്പെട്ടു. സ്ഥലം തിരിച്ചറിഞ്ഞ കോസ്റ്റ് ഗാർഡ് 4.45ന് ബോട്ടിലെത്തി. സുഹേലിപ്പർ ദ്വീപിൽനിന്ന് 14 നോട്ടിക്കൽമൈൽ ദൂരെയായിരുന്നു ബോട്ട് കിടന്നിരുന്നത്. രോഗബാധിതനായി കടുത്തവേദന അനുഭവിച്ച രാഹുൽ എന്ന മത്സ്യത്തൊഴിലാളിയെ കപ്പലിലേയ്ക്ക് മാറ്റി 8.25ന് കവരത്തിയിലെത്തിച്ചു.
കവരത്തിയിൽ കോസ്റ്റൽ സെക്യൂരിറ്റി പൊലീസിന് രോഗിയെ കോസ്റ്റ്ഗാർഡ് കൈമാറി. തുടർന്നാണ് കവരത്തിൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗിയുടെ ആരോഗ്യനില ഭദ്രമാണെന്ന് കോസ്റ്റ്ഗാർഡ് അധികൃതർ അറിയിച്ചു.