anganavadi
അങ്കണവാടി

കളമശേരി: അങ്കണവാടികളുടെ മുഖച്ഛായ മാറ്റുന്ന 'ചായം' പദ്ധതിയുടെ പ്രവർത്തനങ്ങൾ ജില്ലയിൽ ആരംഭിച്ചു. ആദ്യഘട്ടത്തിൽ 21 അങ്കണവാടികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ആകെ 258 അങ്കണവാടികളിലും ഏലൂർ നഗരസഭയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കുറ്റിക്കാട്ടുകര 151-ാം നമ്പർ അങ്കണവാടിയിലെ ചായം പദ്ധതി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എ.ഡി.സുജിൽ അദ്ധ്യക്ഷത വഹിക്കും. കൂടുതൽ കുട്ടികളെ ആകർഷിക്കുക, കുട്ടികളുടെ ബൗദ്ധിക വികാസം ഉറപ്പാക്കുക എന്നീ ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ ഓരോ അങ്കണവാടികൾക്കും രണ്ടുലക്ഷം വീതമാണ് നൽകുക. സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയുടെ നിർവഹണ ചുമതല തദ്ദേശ സ്ഥയഭരണവകുപ്പിനാണ്. ശിശുസൗഹൃദ ശിശുപോഷണ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനായി ചിത്രങ്ങൾ, ശിൽപങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവയ്ക്കൊപ്പം കുട്ടികൾക്ക് എഴുതാനും വരയ്ക്കാനുമുള്ള സൗകര്യങ്ങളും ഒരുക്കും.കുട്ടികളുടെ കഴിവുകൾ വളർത്താൻ വഴിയൊരുക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.