കൊച്ചി: പരിഷ്‌കരിച്ച കുർബാന അർപ്പിക്കുന്നതിൽനിന്ന് എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ലഭിച്ച ഇളവ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് അതിരൂപത സംരക്ഷണസമിതി അറിയിച്ചു.

കാനോൻനിയമം 1538 പ്രകാരം ഒഴിവുനൽകിയ ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ രാജിവയ്ക്കുന്നുവെന്ന പ്രചാരണം തെറ്റാണെന്ന് സമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയൻ പറഞ്ഞു. തെറ്റായ വാർത്തകൾ സീറോമലബാർസഭയുടെ ഓദ്യോഗിക സ്ഥാനങ്ങളിൽനിന്ന് പ്രചരിപ്പിക്കുന്നത് സഭയ്ക്ക് കളങ്കമാണെന്ന് സമിതിയും അൽമായ മുന്നേറ്റവും പ്രസ്താവനയിൽ പറഞ്ഞു. സഭയ്ക്കുള്ളിൽ കുത്തിത്തിരിപ്പും വിഭാഗീയതയും സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് മുന്നേറ്റം കൺവീനർ അഡ്വ. ബിനു ജോൺ പറഞ്ഞു.

മേജർ ആർച്ച് ബിഷപ്പിനും ആർച്ച് ബിഷപ്പ് കരിയിലിനും പൗരസ്ത്യ കാര്യാലയത്തിൽ നിന്നയച്ച കത്തിൽ കാനോൻ നിയമപ്രകാരം അതിരൂപതയ്ക്ക് നൽകിയ ഒഴിവ് റദ്ദാക്കിയതായി പറഞ്ഞിട്ടില്ല. കാനോൻനിയമം റദ്ദാക്കാൻ പൗരസ്ത്യ കാര്യാലയത്തിനോ സീറോ മലബാർസഭാ സിനഡിനോ അധികാരമില്ല.
എറണാകുളം അതിരൂപതയിലെ 330 ഇടവകകളിൽനിന്നും ഒഴിവ് ചോദിക്കുമെന്ന സാഹചര്യത്തിലാണ് അതിരൂപത മുഴുവൻ ഒഴിവ് നൽകിയത്. അതിരൂപതയിലെ ഭൂരിപക്ഷം ഇടവകകളിലെയും പാരീഷ് കൗൺസിലും പൊതുയോഗവും ജനാഭിമുഖ കുർബാന മതിയെന്ന നിവേദനം ആർച്ച് ബിഷപ്പ് കരിയിലിനും റോമിനും നൽകിയിട്ടുണ്ടെന്ന് സമിതി അറിയിച്ചു.