ആലുവ: ഭർതൃപീഡനത്തെ തുടർന്നും പൊലീസ് സ്റ്റേഷനിൽ നിന്നുള്ള അപമാനം സഹിക്കാനാകാതെയും ആത്മഹത്യ ചെയ്ത മോഫിയ പർവീണിന്റെ കുടുംബത്തിന്റെ നീതിക്കായുള്ള സമരത്തിൽ പങ്കെടുത്ത മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് അർദ്ധരാത്രി വീടുവളഞ്ഞ് പിടികൂടി.

കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് അൽ അമീൻ അഷ്റഫ്, യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം.എ.കെ നജീബ്, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡന്റ് അനസ് പള്ളിക്കുഴി എന്നിവരെയാണ് അറസ്റ്റുചെയ്തത്. മറ്റ് ചിലരുടെ വീടുകളിലും പൊലീസ് റെയ്ഡ് നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. സംഭവം അറിഞ്ഞ് സ്റ്റേഷനിലെത്തിയ അൻവർ സാദത്ത് എം.എൽ.എ പൊലീസ് നടപടിക്കെതിരെ പ്രതിഷേധിച്ചു. അറസ്റ്റിലായവരെ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയപ്പോഴും എം.എൽ.എ കൂടെപ്പോയി.

പൊലീസ് സ്റ്റേഷനിൽ ഡി.ഐ.ജിയുടെ വാഹനത്തിന് കേടുപാടുകളുണ്ടാക്കിയതും എസ്.പി ഓഫീസ് മാർച്ചിൽ നാശനഷ്ടം വരുത്തിയതിനുമാണ് കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായവരാരെയും നേരത്തെ പൊലീസ് പ്രതിപ്പട്ടികയിൽപ്പെടുത്തിയിരുന്നില്ല. പ്രതിപ്പട്ടികയിലുള്ളവരെല്ലാം ഒളിവിലാണ്. ഇവർ മുൻകൂർ ജാമ്യത്തിനും ശ്രമിക്കുന്നുണ്ട്.

പിടിയിലായ പ്രതികൾക്കെതിരെ ജാമ്യംലഭിക്കാത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നീതിക്കുവേണ്ടി പോരാട്ടം നടത്തിയ രാഷ്ട്രീയനേതാക്കളെ പിടികിട്ടാപ്പുള്ളികളെപ്പോലെ അസമയത്ത് വന്ന് അറസ്റ്റ് ചെയ്ത പോലീസിന്റെ നടപടി പ്രതിഷേധാർഹമാണെന്നും ഇതുകൊണ്ടൊന്നും കോൺഗ്രസ്‌ പ്രവർത്തകരുടെ മനോവീര്യം തകർക്കാനാകില്ലെന്നും എം.എൽ.എ പറഞ്ഞു.