ആലുവ: സീപോർട്ട് - എയർപോർട്ട് റോഡ് രണ്ടാംഘട്ടം എൻ.എ.ഡി മുതൽ മഹിളാലയം പാലം വരെ സ്ഥലം ഏറ്റെടുക്കുന്നതിനായി സാമൂഹ്യാഘാത പഠനം കഴിഞ്ഞ് 11(1) നോട്ടിഫിക്കേഷൻ നടത്തി സ്ഥലം ഏറ്റെടുക്കുന്ന ഘട്ടത്തിൽ കിഫ്ബിയിൽ നിന്നും നിയോഗിക്കപ്പെട്ട തഹസീൽദാറെ പുതിയ പദ്ധതിയായ ഗിഫ്റ്റ് സിറ്റിയുടെ ചുമതലയിലേക്ക് മാറ്റി പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലാക്കിയതായി ആക്ഷേപം.
സീപോർട്ട് എയർപോർട്ട് റോഡിന്റെ എൻ.എ.ഡി മുതൽ മഹിളാലയം വരെയുള്ള ഭാഗത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠന റിപ്പോർട്ട് റവന്യൂ വകുപ്പിനു കൈമാറിയെന്നും അംഗീകാരം ലഭിച്ചാൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി ടെണ്ടർ ചെയ്യുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആറ് മാസം മുമ്പ് സഭയിൽ അറിയിച്ചിരുന്നു. ചൊവ്വര മുതൽ എയർപോർട്ട് വരെയുള്ള ഭാഗത്തിന് ഭരണാനുമതിക്കും നടപടി സ്വീകരിച്ചതായും അറിയിച്ചിരുന്നു. എൻ.എ.ഡി മുതൽ മഹിളാലയം വരെയുള്ള ഭാഗത്തിന്റെ നിർമ്മാണത്തിനായി കിഫ്ബി 430 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. എൻ.എ.ഡി മുതൽ മഹിളാലയം വരെയുള്ള ആറ് കിലോമീറ്ററിനായി 75 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇതിനായുള്ള അലൈൻമെന്റ് വർഷങ്ങൾക്കു മുമ്പ് പൂർത്തിയായെങ്കിലും സ്ഥലം ഏറ്റെടുക്കാത്തതിനാൽ പ്രദേശവാസികൾക്ക് സ്ഥലം ക്രയവിക്രയം ചെയ്യുവാൻ സാധിക്കുന്നില്ല. ഇതുമൂലം മക്കളുടെ വിവാഹത്തിനോ മറ്റാവശ്യങ്ങൾക്കോ വിൽക്കാനാകാതെ ഭൂവുടമകൾ പ്രതിസന്ധിയിലാണ്.
രണ്ടാംഘട്ട റോഡ് നിർമ്മാണത്തിന് നടപടികളെല്ലാം പൂർത്തിയാക്കി ഭൂമി ഏറ്റെടുക്കാനിരിക്കെ ബന്ധപ്പെട്ട തഹസിൽദാരെ സ്ഥലം മാറ്റിയ നടപടി പ്രതിഷേധാർഹമാണ്. പതിറ്റാണ്ടുകളായി അനിശ്ചിതത്വത്തിലായിരുന്ന പദ്ധതി ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഏറ്റെടുക്കുന്നതിനുള്ള നടപടി പുനരാരംഭിച്ചത്. തഹസീൽദാറുടെ സേവനം അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് കത്തെഴുതിയിട്ടുണ്ട്.
അൻവർ സാദത്ത് എം.എൽ.എ
ഭൂമി ഏറ്റെടുക്കലിന് ഒരു യൂണിറ്റ് മാത്രം
ജില്ലയിൽ കിഫ്ബിയിൽ 14 വർക്കുകൾക്കാണ് സർക്കാർ അംഗീകാരമുള്ളത്. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെട്ട ഒരു യൂണിറ്റ് മാത്രമാണ് ജില്ലയിൽ റവന്യു വകുപ്പിനുള്ളത്. ആ യൂണിറ്റിനെയാണ് ഗിഫ്റ്റ്സിറ്റിയിലേക്ക് ഇപ്പോൾ മാറ്റിയത്. ഈ സാഹചര്യത്തിൽ ഒരു യൂണിറ്റ് കൂടി അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.