parking
ആലുവ കാരോത്തുകുഴി - പുളിഞ്ചേട് റോഡിൽ സ്വകാര്യ ഇരുചക്ര വാഹന ഡീലർമാർ അനധികൃതമായി റോഡ് കൈയ്യേറി വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു

ആലുവ: ഡീലർമാർ റോഡ് കൈയ്യേറി വാഹനങ്ങൾ പ്രദർശനത്തിന് വച്ച് അപകടക്കെണിയും ഗതാഗതക്കുരുക്കും സൃഷ്ടിച്ചിട്ടും നടപടിയെടുക്കാതെ അധികാരികൾ. നഗരത്തിൽ കാരോത്തുകുഴി - പുളിഞ്ചോട് റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഇരുചക്ര വാഹന ഡീലർമാരാണ് അനധികൃതമായി റോഡ് കൈയ്യേറി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.

വിവിധ തരത്തിലുള്ള നൂറോളം വാഹനങ്ങളാണ് നടപ്പാതയും കൈയേറി നിരയായി പാർക്ക് ചെയ്യുന്നത്. ഈ ഭാഗത്ത് കാൽനട യാത്രക്കാർ റോഡിലൂടെ പോകേണ്ട സാഹചര്യമാണ്. പരിസരവാസികൾ പലവട്ടം നഗരസഭ, പൊതുമരാമത്ത് വകുപ്പ്, പൊലീസ് എന്നിവിടങ്ങളിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. എല്ലാവരെയും സ്ഥാപന ഉടമകൾ സ്വാധീനിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ശക്തമായ പ്രതിഷേധം ഉയർന്ന ഘട്ടത്തിൽ കുറച്ച് ദിവസം വാഹന പാർക്കിംഗ് നിർത്തിയിരുന്നു. പിന്നീട് ഒരു നിര വാഹനം മാത്രം പാർക്ക് ചെയ്യാൻ അനുവദിക്കണമെന്ന് നഗരസഭ കൗൺസിലർമാരോട് അഭ്യർത്ഥിച്ച് അതിന് മൗനാനുവാദം വാങ്ങിയ ശേഷം നടപ്പാതയും കഴിഞ്ഞ് നാല് നിരവരെ വാഹനം പാർക്ക് ചെയ്യുകയാണ്. കഴിഞ്ഞ ദിവസം ഇവിടെ കാനയുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ഇതിന് ശേഷം വാഹന പാർക്കിംഗ് പൂർണമായി തടയാനാണ് നാട്ടുകാരുടെ തീരുമാനം.

ഇതേസ്ഥാപനത്തിന്റെ സർവീസ് സെന്ററും ഇതോടനുബന്ധിച്ചാണ് പ്രവർത്തിക്കുന്നത്. ഇവിടത്തെ ഓയിൽ മാലിന്യമെല്ലാം പിൻവശത്തെ റെയിൽവേ ലൈനോട് ചേർന്നുള്ള കാനയിലേക്ക് ഒഴുക്കുന്നതായും പരാതിയുണ്ട്. ഇത് പരിസരത്തെ കിണറുകളിലേക്ക് ഉറവയായി എത്തുന്നതിനാൽ കിണർ വെള്ളവും മലിനപ്പെടുന്നതായി ആക്ഷേപമുണ്ട്. നഗരസഭയിലും മറ്റമുള്ള രാഷ്ട്രീയ സ്വാധീനമാണ് അപകടക്കെണിയൊരുക്കിയ പാർക്കിംഗിനും മറ്റും സ്ഥാപന ഉടമക്ക് ധൈര്യം നൽകുന്നത്.