ഫോർട്ടുകൊച്ചി: പൊലിമ ഇല്ലാതെ കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കം കുറിക്കും. 31ന് അർദ്ധരാത്രി നടത്താറുള്ള പപ്പയെ കത്തിക്കലും പുതുവർഷദിനത്തിൽ നടത്തുന്ന കാർണിവൽ റാലിയും ഒഴിവാക്കിയിട്ടുണ്ട്. ജനത്തിരക്ക് നിയന്ത്രണാതീതമാകുമെന്നത് കണക്കിലെടുത്താണ് ഇവ ഒഴിവാക്കിയിരിക്കുന്നതെന്ന് സബ് കളക്ടർ പി. വിഷ്ണുരാജ് പറഞ്ഞു.

ഫോർട്ടുകൊച്ചി സെന്റ് ഫ്രാൻസിസ് ദേവാലയ അങ്കണത്തിലെ യുദ്ധസ്മാരകത്തിൽ ഐക്യദാർഢ്യ ദിനാചരണത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. മോട്ടോർബൈക്ക് റാലി, സംസ്ഥാന ഗാട്ടാഗുസ്തി മത്സരം ,വെറ്ററൻസ് ഫുട്ബാൾ, കയാക്കിംഗ്, ട്രഷർഹണ്ട് തുടങ്ങിയ കായികമത്സരങ്ങൾ കോലം വരക്കൽ,രംഗോലി , സിനിമാഗാനം, കവിതാപാരായണം ,മെഹന്തി എന്നീ മത്സരങ്ങളും ചവിട്ടുനാടകം, ഗാനമേള, നാടൻകലകൾ തുടങ്ങിയ കലാവിരുന്നുകളും ഉണ്ടാകും. 19നാണ് കാർണിവൽ കമ്മിറ്റിയുടെയും വിവിധ ക്ലബ്ബുകളുടെയും പതാക ഉയർത്തുന്നത്. കാർണിവൽ പതാക കെ.ജെ. മാക്സി എം.എൽ.എ ഉയർത്തും.

വാർത്താസമ്മേളനത്തിൽ മുൻ മേയർ കെ.ജെ. സോഹൻ, വി.എസ്. രമേഷ്, എൻ.എസ്. ഷാജി, അഭിലാഷ് തോപ്പിൽ എന്നിവർ പങ്കെടുത്തു.