കൊച്ചി: മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ്പ് അഞ്ജന ഷാജൻ, സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവർ മരിച്ച ദുരൂഹ കാറപകടക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം ഉടൻ സമർപ്പിക്കും. ശാസ്ത്രീയ പരിശോധനാഫലങ്ങൾ പിന്നീട് കോടതിക്ക് കൈമാറും.
ഏഴ് പ്രതികളാണ് കേസിലുള്ളത്. മോഡലുകളുടെ കാറോടിച്ചിരുന്ന അബ്ദുൾ റഹ്മാനെ ഒന്നാം പ്രതിയാക്കി തയ്യാറാക്കുന്ന കുറ്റപത്രത്തിൽ ഇവരുടെ കാറിനെ പിന്തുടർന്ന കൊല്ലം നെടുമ്പന നല്ലിലയിൽ എരുമപ്പാതി പണിപ്പുരവീട്ടിൽ സൈജു എം.തങ്കച്ചൻ രണ്ടാം പ്രതിയാകും. യുവതികൾ രാത്രി ആഘോഷിച്ച ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടാണ് മൂന്നാംപ്രതി. ഹോട്ടൽ ജീവനക്കാരാണ് നാലുമുതൽ ഏഴുവരെ പ്രതികൾ. നവംബർ ഒന്നിന് ഇടപ്പള്ളി- വൈറ്രില ബൈപ്പാസിൽ പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം.
ദുരൂഹത ഒഴിയാതെ
മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ചതാണ് രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണമെന്നാണ് പൊലീസ് ആദ്യം കരുതിയത്. സി.സി ടിവി ദൃശ്യങ്ങളുടെ പരിശോധന ഈ നിഗമനം തെറ്രാണെന്ന് തെളിയിച്ചു. ഓഡി കാർ ഇവരെ പിന്തുടർന്നതായി കണ്ടെത്തിയപ്പൾ അന്വേഷണത്തിന്റെ ഗതിമാറി. പിന്തുടർന്നത് സൈജുവാണെന്ന് തിരിച്ചറിഞ്ഞു.
അബ്ദുൾ റഹ്മാനെ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് അറസ്റ്റുചെയ്തു. ഇയാളിൽനിന്ന് അന്വേഷണം നമ്പർ18 ഹോട്ടലിലേക്ക് നീണ്ടു. ഉടമ റോയ് വയലാട്ട് പാർട്ടിഹാളിലെ ഹാർഡ്‌ഡിസ്ക് ഊരിമാറ്റിച്ചത് ദുരൂഹത കൂട്ടി. തെളിവ് നശിപ്പിച്ചതിന് ഇയാളെ അറസ്റ്റുചെയ്തെങ്കിലും ജാമ്യംലഭിച്ചു. അറസ്റ്റ് ഒഴിവാക്കാൻ ഉന്നതൻ ഇടപെട്ടതും ഏറെ ചർച്ചയായി. ഹാർഡ്‌ഡിസ്ക് കായലിൽ ഉപേക്ഷിച്ചെന്ന മൊഴിയിൽ വേമ്പനാട്ട് കായലിൽ മൂന്നുദിവസം തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
സൈജുവിന്റെ ഫോണിൽനിന്ന് നീക്കംചെയ്ത ഫയലുകൾ തിരിച്ചെടുത്തതോടെ അന്വേഷണം മയക്കുമരുന്നിന്റെ മായികലോകത്തേക്കായി. മോഡലുകളെ പിന്തുടർന്ന് ഹോട്ടലിൽ താമസിക്കാൻ നിർബന്ധിക്കുകയും വഴങ്ങാതെ വന്നതോടെ പിന്തുടർന്നതുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.
വിവിധ സ്റ്റേഷനുകളിലായി 9 കേസുകൾ ചുമത്തി. സൈജു സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്ത 17 പേർക്കെതിരെ പൊലീസ് എൻ.ഡി.പി.എസ് കേസ് രജിസ്റ്റർ ചെയ്തു.