തൃക്കാക്കര: ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ രണ്ടുദിവസം തടവിൽ പാർപ്പിച്ച് കൂട്ടമാനഭംഗം ചെയ്ത സംഭവത്തിൽ പ്രധാനപ്രതി ചെങ്ങന്നൂർ പെരിങ്ങാല സ്വദേശി അജ്മലിനെ (28) ഇൻഫോപാർക്ക് പൊലീസ് പിടികൂടി.
ചാവക്കാട് ഒളിവിൽ കഴിയുന്നതിനിടെയാണ് തൃക്കാക്കര അസി.കമ്മീഷണർ പി.വി. ബേബിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഓൺലൈൻവഴി നടത്തിയ തിരിച്ചറിയൽ പരേഡിൽ യുവതി പ്രതിയെ തിരിച്ചറിഞ്ഞു. നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കായംകുളത്ത് കാപ്പ ചുമത്തിയിട്ടുണ്ട്.
യുവതിയെ ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി ആദ്യം ഉപദ്രവിച്ചത് അജ്മലാണ്. കേസിൽ ആലപ്പുഴ ആറാട്ടുപുഴ പുത്തൻപറമ്പിൽ വീട്ടിൽ സലിൻകുമാറിനെ (31) നേരത്തെ പിടികൂടിയിരുന്നു. മറ്റ് പ്രതികളായ ഷമീറും ഹോട്ടൽ ഉടമ ക്രിസ്റ്റീനയും ഒളിവിലാണ്.
ഫോട്ടോ ഷൂട്ടിനായി കഴിഞ്ഞ 28ന് കൊച്ചിയിൽ എത്തിയതായിരുന്നു മലപ്പുറം സ്വദേശിനിയായ യുവതി. ചെമ്പുമുക്ക് ഹോട്ടലിലായിരുന്നു താമസം. ഒറ്റയ്ക്കായതിനാൽ സുരക്ഷിതഹോട്ടൽ തേടിയാണ് പരിചയക്കാരനായ സലിംകുമാറിനെ വിളിക്കുന്നത്. 29ന് ഇടച്ചിറയിലെ ക്രിസ്റ്റീന റെസിഡൻസിയിൽ എത്തി. ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ ഇവിടെ വച്ചായിരുന്നു 29കാരിയെ ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി അർദ്ധബോധാവസ്ഥയിലാക്കി പീഡിപ്പിച്ച്. മൊബൈലിൽ പകർത്തിയത്.
ഇൻഫോപാർക്ക് സി.ഐ സന്തോഷ് ടി .ആർ,അമ്പലമേട് എസ്.ഐ തോമസ്,ഹിൽ പാലസ് എസ്.ഐ അനില, എ.എസ്,ഐ ബിജു, സീനിയർ സി.പി.ഒ മുരളീധരൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.