maxi
സംസ്ഥാന സർക്കാർ ചെല്ലാനത്ത് നടപ്പിലാക്കുന്ന മാതൃക മത്സ്യഗ്രാമം പദ്ധതിയുടെ അവസാനഘട്ട സർവ്വേ നടപടികൾ കാട്ടിപറമ്പിൽ കെ.ജെ.മാക്‌സി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ചെല്ലാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില സെബാസ്റ്റ്യൻ, കുഫോസ് വൈസ് ചാൻസലർ ഡോ.കെ.റിജി ജോൺ, ചെല്ലാനം പഞ്ചായത്ത് മുൻപ്രസിഡന്റ് കെ.ഡി.പ്രസാദ് എന്നിവർ സമീപം.

കൊച്ചി: സംസ്ഥാന സർക്കാർ, കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയുടെ (കുഫോസ്) നേതൃത്വത്തിൽ ചെല്ലാനത്ത് നടപ്പിലാക്കുന്ന മാതൃകാ മത്സ്യഗ്രാമം പദ്ധതിയുടെ അവസാനഘട്ട സർവ്വേ തുടങ്ങി. ചെല്ലാനം കാട്ടിപ്പറമ്പിൽ രാവിലെ ചേർന്ന യോഗത്തിൽ കെ.ജെ.മാക്‌സി എം.എൽ.എ സർവ്വേ നടപടികൾ ഉദ്ഘാടനം ചെയ്തു. ചെല്ലാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. കുഫോസ് വൈസ് ചാൻസലർ ഡോ.കെ.റിജി ജോൺ, ഫിഷറീസ് ഡീൻ ഡോ.റോസിലിന്റ് ജോർജ്, ചെല്ലാനം പഞ്ചായത്ത് മുൻപ്രസിഡന്റ് കെ.ഡി.പ്രസാദ് എന്നിവർ പ്രസംഗിച്ചു. കുഫോസിലെ ബി.എഫ്.എസ്.സി അവസാനവർഷ വിദ്യാർത്ഥികളാണ് സർവ്വേയുടെ എന്യുമറേറ്റർമാർ. 80 പേരുള്ള വിദ്യാർത്ഥി സംഘം പത്ത് ദിവസം കൊണ്ട് സർവ്വേനടപടികൾ പൂർത്തിയാക്കും. കടൽക്ഷോഭം മൂലം ജനജീവിതം ദുസഹമായ ചെല്ലാനം തീരദേശമേഖലയിൽ ശ്വാശതപരിഹാര നടപടികൾ നടപ്പിലാക്കാനാണ് മാതൃക മത്സ്യഗ്രാമം പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള കുഫോസ് കരട് റിപ്പോർട്ട് ജൂലായ് 15 ന് സർക്കാരിന് സമർപ്പിച്ചിരുന്നു. ബദൽതൊഴിൽ, പുനരധിവാസം എന്നിവ ഉൾപ്പടെയുള്ള പരിഹാര നടപടികളുടെ പ്രായോഗികവശം പരിശോധിക്കാനാണ് ഇപ്പോഴത്തെ അവസാനഘട്ട സർവ്വേ.