cow
ഇടുങ്ങിയ ഓടയിൽ വീണ പശുവിനെ മൂവാറ്റുപുഴ ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ ഉയർത്തിയെടുക്കുന്നു

മൂവാറ്റുപുഴ: ഓടയിൽ കുടുങ്ങിയ പശുവിനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. തൃക്കളത്തൂർ കാവുംപടി പുഴവക്കര രാമദാസിന്റെ ഉടമസ്ഥതയിലുള്ള പശുവാണ് ഉച്ചയ്ക്ക് മേയാൻ വിട്ടപ്പോൾ അപകടത്തിൽപ്പെട്ടത്. ഇടുങ്ങിയ ഓടയിലേയ്ക്ക് വീണ പശു ഓടയിൽ നിന്ന് കയറാൻ ശ്രമിച്ചതോടെ ഓടയിൽ കുടുങ്ങുകയായിരുന്നു. നാട്ടുകാർ പശുവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചങ്കിലും കഴിഞ്ഞില്ല. വിവരമറിഞ്ഞ് മൂവാറ്റുപുഴയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം പരിക്കേൽക്കാതെ തന്നെ പശുവിനെ ഉയർത്തി എടുത്തു. മൂവാറ്റുപുഴ അഗ്നിരക്ഷാനിലയം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജിജി മോൻ, സീനിയർ ഫയർ ഓഫീസർ സുബ്രഹ്മണ്യൻ, ഫയർ ഓഫീസർമാരായ റഷീദ് പി.എം, സിദ്ധീഖ് ഇസ്മയിൽ, ആർ. അനന്തു, നിബിൻ ബോസ്, ഷഹനാസ്, നിഖിൽ, ഡ്രൈവർ അനീഷ് കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.