മരട്: ട്രിച്ചിയിൽനിന്ന് തിരുവനന്തപുരം ഐ.എസ്.ആർ.ഒയിലേക്ക് കൂറ്റൻ യന്ത്രഭാഗവുമായെത്തിയ ട്രെയിലർ കുമ്പളം ടോൾ പ്ലാസയിൽ കുടുങ്ങി. യന്ത്രഭാഗത്തിന് വീതിയും ഉയരവും കൂടുതലുള്ളതിനാൽ ടോൾ പ്ലാസ കടന്നുപോകാനാകാതെ ട്രെയിലർ കുമ്പളത്ത് നിർത്തി ഇട്ടിരിക്കുകയാണ്. ഇന്നലെ പുലർച്ചെയാണ് സംഭവം. വഴിമദ്ധ്യേ മറ്റു ടോൾപ്ലാസകളിൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടായില്ലെന്ന് വാഹനത്തിലെ ഡ്രൈവർമാർ പറഞ്ഞു.
ഏതാനും വർഷംമുൻപ് ഒരുതവണ ഇത്തരത്തിൽ കൂറ്റൻ യന്ത്രഭാഗവുമായി എത്തിയ ലോറി ഇതിലൂടെ കടന്ന് പോകാനാകാതെ വന്നപ്പോൾ ടോൾ പ്ലാസയുടെ കൗണ്ടറിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റി കടത്തിവിടുകയായിരുന്നു. എന്നാൽ ഈ ട്രെയിലർ ലോറിക്ക് വീതിയും ഉയരവും കൂടുതൽ ഉള്ളതിനാൽ ഭിത്തിപൊളിച്ചാലും കടന്ന് പോകാനാകാത്ത അവസ്ഥയാണ്.