കൊച്ചി: ജയിക്കാനുറച്ച് താരങ്ങൾ ബൂട്ടുകെട്ടിയപ്പോൾ വനിതാ ഫുട്ബാൾ ലീഗ് സൗഹൃദ മത്സരത്തിന് സൗന്ദര്യമേറി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടി റിമാ കല്ലിങ്കലും താരപുത്രി മാളവിക ജയറാമും നയിച്ച ടീമുകളാണ് പരസ്പരം കൊമ്പുകോർത്തത്. ആവേശവും കൗതുകവും നിറഞ്ഞ മത്സരത്തിൽ വനിതാലീഗിൽ പങ്കെടുക്കുന്ന ആറ് ടീമുകളിലെയും ക്യാപ്റ്റന്മാരും സ്‌കോർലൈൻ അക്കാഡമിയിലെ രണ്ടുതാരങ്ങളും ഇരുടീമുകളിലായി അണിനിരന്നു. റിമയുടെ ടീം മിന്നുംജയം സ്വന്തമാക്കി. തൃശൂരിൽ ഇന്ന് തുടങ്ങുന്ന വനിതാ ഫുട്‌ബാൾ ലീഗിന് മുന്നോടിയായാണ് സൗഹൃദമത്സരം സംഘടിപ്പിച്ചത്.
വനിതാ ഫുട്‌ബാൾ തിരിച്ചുവരുന്നുവെന്നത് അഭിമാനകരമാണെന്ന് റിമ കല്ലിങ്കൽ പറഞ്ഞു. കൂടുതൽ കുട്ടികൾ ഫുട്‌ബാൾ രംഗത്തേക്ക് കടന്നുവരണമെന്നും റിമ പറഞ്ഞു. നാലഞ്ചുവർഷം ഫുട്‌ബാൾ ടീമിന്റെ ഭാഗമായിരുന്നുവെന്ന് മാളവിക ജയറാം പറഞ്ഞു. പക്ഷേ കുട്ടിക്കാലം തൊട്ടേ ഫുട്‌ബാൾ പരിശീലിക്കാനുള്ള അവസരം കിട്ടിയില്ല. പുതുതലമുറക്ക് അത് കിട്ടുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും മാളവിക കൂട്ടിച്ചേർത്തു. കെ.എഫ്.എ പ്രസിഡന്റ് ടോം ജോസ്, ജനറൽ സെക്രട്ടറി പി. അനിൽകുമാർ, പി.വി. ശ്രീനിജിൻ എം.എൽ.എ, എസ്.എ.എസ് നവാസ് തുടങ്ങിയവർ സംബന്ധിച്ചു.