malinayam
നിരപ്പ് പറപ്പിള്ളി താഴത്ത് ഇട്ട മാലിന്യം ഇട്ടവരെകൊണ്ട് നീക്കം ചെയ്യുന്നു..

മൂവാറ്റുപുഴ: നിരപ്പ്- തട്ടുപറമ്പ്-പേഴയ്ക്കാപ്പിള്ളി റോഡിലെ നിരപ്പ് പറപ്പിള്ളിതാഴത്ത് മാലിന്യം ഇട്ടവരെ നാട്ടുകാർ പിടികൂടി മാലിന്യം നീക്കം ചെയ്യിച്ചു. കഴിഞ്ഞ ദിവസം രാവിലെ നിരപ്പ് പറപ്പിള്ളിത്താഴത്താണ് സംഭവം. നിരപ്പ്- തട്ടുപറമ്പ്-പേഴയ്ക്കാപ്പിള്ളി റോഡിൽ നിരപ്പ് പറപ്പിള്ളി താഴത്താണ് കഴിഞ്ഞ ദിവസം രാത്രിയിൽ കല്ല്യാണ വീട്ടിൽ നിന്നും നീക്കം ചെയ്ത മാലിന്യം ഇട്ടത്. രാവിലെ നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ മാലിന്യം നാട്ടുകാർ പരിശോധിച്ചപ്പോൾ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ നിന്നും വിവാഹം കഴിഞ്ഞതിന്റെ ഭക്ഷണം അവശിഷ്ഠങ്ങളും മാലിന്യവുമാണെന്ന് കണ്ടെത്തി. തുടർന്ന് മാലിന്യം നിക്ഷേപിച്ചയാളെയും വാഹനവും നാട്ടുകാർ കണ്ടെത്തി. ഉടമയെ കൊണ്ട് തന്നെ മാലിന്യം മറ്റൊരു വാഹനത്തിൽ ഇവിടെ നിന്നും നീക്കം ചെയ്യിച്ചു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് മൂവാറ്റുപുഴ പൊലീസും സ്ഥലത്തെത്തിയിരുന്നു. മാസങ്ങൾക്ക് മുമ്പ് ഇവിടെ മൂവാറ്റുപുഴയിലെ ബേക്കറി കടയിൽനിന്നുള്ള മാലിന്യം ഇട്ടിരുന്നു. രാവിലെ മാലിന്യങ്ങൾ നാട്ടുകാർ പരിശോധിച്ചപ്പോൾ മാലിന്യ കൂമ്പാരത്തിൽ നിന്നും ചിട്ടിയുടെ പണമടച്ച രസീത് ലഭിക്കുകയായിരുന്നു. ഇതിലെ അഡ്രസിൽ നിന്നുമാണ് മാലിന്യം ഇട്ടയാളെ തിരിച്ചറിഞ്ഞത്. ഇയാളെ വിളിച്ച് വരുത്തി മാലിന്യം നീക്കം ചെയ്യിക്കുകയായിരുന്നു. പ്രദേശത്ത് പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മാലിന്യ നിക്ഷേപത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. തിരക്കൊഴിഞ്ഞ പ്രദേശമായതിനാൽ ദൂരെ ദിക്കുകളിൽ നിന്ന് പോലും രാത്രികാലങ്ങളിൽ ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് പതിവായതോടെയാണ് മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ നാട്ടുകാർ രാവും പകലും നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.