press-meet

കളമശേരി: എച്ച്.എം.ടി ജംഗ്ഷനിൽ നിന്ന് ഗവ.മെഡിക്കൽ കോളേജിലേക്ക് എല്ലാ ദിവസവും രാവിലെ 7 മണി മുതൽ വൈകിട്ട് 3 മണി വരെ 10 രൂപ നിരക്കിൽ ജനുവരി 8 മുതൽ ട്രാൻസ്പോർട്ട് ബസ് സർവ്വീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പത്രസമ്മേളനത്തിൽ പറഞ്ഞു. കളമശേരി നിയോജക മണ്ഡലത്തിലെ കെ.എസ്.ആർ.ടി.സി. സർവീസുമായി ബന്ധപ്പെട്ട വിഷയങ്ങൾ വ്യവസായവകുപ്പു മന്ത്രി പി.രാജീവിന്റെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്തതിനു ശേഷം പ്രഖ്യാപിച്ചതാണിത്.

സ്വകാര്യ ബസ് തൊഴിലാളികളുടെ സമരത്തെ സംബന്ധിച്ചുള്ള ചോദ്യത്തിന് പണിമുടക്ക് നോട്ടീസ് കിട്ടിയിട്ടില്ലെന്നും സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥി പ്രതിനിധികളുമായുള്ള ചർച്ചകഴിഞ്ഞെന്നും 14 ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായുള്ള ചർച്ചയ്ക്കുശേഷം വിദ്യാർത്ഥികൾക്കുള്ള ബസ് ചാർജ് വർദ്ധനവിനെക്കുറിച്ച് അന്തിമ തീരുമാനം പറയാമെന്നും മന്ത്രി പറഞ്ഞു. കെ.യു.ആർ.ടി.സി ബസുകളിൽ യാത്രക്കാർ കുറവായതിനാൽ നഷ്ടത്തിലായതുകൊണ്ടാണ് നിർത്തിയതെന്നും കൊവിഡ് കാലമായതിനാൽ എ.സി. ബസുകളിൽ സഞ്ചരിക്കാൻ തയ്യാറാവുന്നില്ല. ജനങ്ങളുടെ മാനസികാവസ്ഥ മാറിയാൽ കെ.യു.ആർ.ടി.സി എ സി ബസുകൾ നിരത്തിലിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ പദ്ധതികൾ

 നിലയ്ക്കൽ, പമ്പ എന്നിവടങ്ങളിലേക്കുള്ള സർവ്വീസ് തിരക്ക് കഴിഞ്ഞാലുടൻ ജനുവരി 20 മുതൽ 40 ട്രിപ്പുകൾ പുന:സ്ഥാപിക്കും.

 മാട്ടുപുറം - പറവൂർ സർവ്വീസുകൾ ജനുവരി 1 ന് ആരംഭിക്കും.

 കളമശേരിയിൽ കെ.എസ്.ആർ.ടി.സി യുടെ റിസർവേഷൻ കൗണ്ടറുകൾ തുടങ്ങും.

 തിരുവനന്തപുരത്തെ സിറ്റി സർക്കുലർ സർവ്വീസ് മാതൃകയിൽ ജില്ലയിലെ നഗര പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.  കളമശേരി കേന്ദ്രീകരിച്ചായിരിക്കും സിറ്റി സർവീസ്

 ഇതു വരെ ബസില്ലാത്ത റൂട്ടുകളിൽ ഇനി മുതൽ സർവ്വീസ് നടത്തും.

 കാലാവധി കഴിഞ്ഞ 1000 ത്തോളം ബസുകൾ കണ്ടം ചെയ്യും.

 50 പുതിയ ഇലക്ട്രിക് ബസുകൾ ഉടനെ വാങ്ങും.