
കൊച്ചി: പമ്പയിൽനിന്ന് സന്നിധാനത്തേക്ക് ചരക്കുമായി പോകുന്ന ട്രാക്ടറുകൾ തീർത്ഥാടകർക്ക് ഭീഷണിയാകുന്നില്ലെന്ന് ദേവസ്വം ബോർഡിന്റെ ചീഫ് വിജിലൻസ് ഒാഫീസർ, പത്തനംതിട്ട ഡിവൈ. എസ്.പി, സന്നിധാനത്തെയും പമ്പയിലെയും സി.ഐമാർ എന്നിവർ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പമ്പയിൽനിന്ന് സന്നിധാനത്തേക്ക് കച്ചവടക്കാർക്ക് സാധനങ്ങൾ കൊണ്ടുപോകാൻ രാത്രി 12മുതൽ പുലർച്ചെ മൂന്നുവരെ ട്രാക്ടർ ഉപയോഗിക്കാമെന്നും അടിയന്തര സാഹചര്യത്തിൽ ദേവസ്വം ബോർഡിന്റെ ചരക്കുനീക്കത്തിനായി ഉച്ചയ്ക്ക് 12മുതൽ വൈകിട്ട് മൂന്നുവരെ കാനനപാതയിൽ ട്രാക്ടർ ഉപയോഗിക്കാമെന്നും ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഈ നിർദ്ദേശം കർശനമായി പാലിക്കണമെന്നും പുതിയ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.
കാനനപാതയിലൂടെ അശ്രദ്ധമായി ട്രാക്ടറുകൾ ഒാടിക്കുന്ന വിവരം ഒരു ഭക്തൻ അറിയിച്ചതിനെത്തുടർന്നാണ് ഡിവിഷൻബെഞ്ച് ഈ വിഷയം സ്വമേധയാ ഹർജിയായി പരിഗണിച്ചത്. പകൽസമയങ്ങളിൽ അടിയന്തര സാഹചര്യമുണ്ടെങ്കിൽ ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ അനുമതിയോടെ മാത്രമേ ട്രാക്ടറുകളിൽ സാധനങ്ങൾ സന്നിധാനത്തേക്ക് കൊണ്ടുപോകാവൂ. അധികൃതർ ഇതുറപ്പാക്കണം. തീർത്ഥാടർ, പൊലീസ് ഉദ്യോഗസ്ഥർ, ബോർഡിന്റെ ഉദ്യോഗസ്ഥർ തുടങ്ങിയവരെ ട്രാക്ടറുകളിൽ കയറ്റിക്കൊണ്ടുപോകരുത്. ഈ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് വ്യക്തമാക്കി ശബരിമല സ്പെഷ്യൽ കമ്മിഷണർ ഡിസംബർ 13ന് റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.
 തീർത്ഥാടകരുടെ എണ്ണം കൂടി
ശബരിമലയിൽ ദർശനത്തിനെത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു. ഡിസംബർ എട്ടിന് വെർച്വൽക്യൂ മുഖേന 45,000പേർ ബുക്ക് ചെയ്തതിൽ 33,410പേർ ദർശനത്തിനെത്തി. തൊട്ടടുത്ത ദിവസവും ദർശനത്തിനെത്തിയവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായെന്നും ബോർഡ് വ്യക്തമാക്കി.